രാജ്യത്തിൻ്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമാകുന്നു. തുടർച്ചയായ കനത്ത മഴയെ തുടർന്ന് നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കടുത്ത വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും പിടിയിൽ തുടരുകയാണ്. തിങ്കളാഴ്ച വരെ ആകെ മരണസംഖ്യ 36 ആയി ഉയർന്നു. 5.5 ലക്ഷത്തിലധികം ആളുകളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.
11 മരണങ്ങളുണ്ടായ അസമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനം. അരുണാചൽ പ്രദേശിൽ പത്ത് പേരും, മേഘാലയയിൽ ആറ് പേരും, മിസോറാമിൽ അഞ്ച് പേരും, സിക്കിമിൽ മൂന്ന് പേരും, ത്രിപുരയിൽ ഒരാളുമാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്.
അസമിലെ 22 ജില്ലകളിലായി 5.35 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. അസമിൽ മരണസംഖ്യ 11 ആയി ഉയർന്നതായി ഔദ്യോഗിക ബുള്ളറ്റിൻ പറയുന്നു. സിക്കിമിലെ മംഗൻ ജില്ലയിലെ ലാച്ചെൻ പട്ടണത്തിനടുത്തുള്ള ഛാട്ടെനിൽ സൈനിക ക്യാമ്പിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും ഒമ്പത് പേരെ കാണാതാവുകയും ചെയ്തു.
മണിപ്പൂരിൽ കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് നിരവധി നദികൾ കരകവിഞ്ഞൊഴുകുകയും അണക്കെട്ടുകൾ തകർന്ന് വെള്ളം കയറുകയും ചെയ്തതിനെ തുടർന്ന് 19,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചു.
പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി പ്രസിഡന്റുമായ ജെ.പി. നദ്ദ കഴിഞ്ഞ ദിവസം എല്ലാ പാർട്ടി സംസ്ഥാന യൂണിറ്റുകളോടും പ്രവർത്തകരോടും അഭ്യർഥിച്ചു. അതേസമയം, സാഹചര്യം കൈകാര്യം ചെയ്തതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മോദി സർക്കാരിനെ വിമർശിച്ചു. ഒരു ഓഡിറ്റും കൂടാതെ കോടിക്കണക്കിന് രൂപ കിടക്കുന്ന പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് പണമെടുത്ത് ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഖാർഗെ ആരോപിച്ചു.