മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ റമ്മി വിവാദത്തിൽ പ്രതികരിച്ച് മന്ത്രി മണിക്റാവു കൊകാതെ. ഇത് റമ്മിയല്ല, ഇതൊരു സോളിറ്റയറാണ് ഗെയിമാണ് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. പ്രതിപക്ഷം സർക്കാരിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയാണെന്നും കൊകാതെ പറഞ്ഞു.
മന്ത്രി മണിക്റാവു കൊകാതെ നിയമസഭയിൽ വെച്ച് മൊബൈൽ ഫോണിൽ റമ്മി ഗെയിം കളിക്കുന്നതിൻ്റെ വീഡിയോ എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാറാണ് പങ്കുവെച്ചത്. രോഹിത് പവാർ റമ്മി കളിക്കുന്നതിന് അടിമയായി. എൻ്റെ ഫോണിൽ ഉണ്ടായത് റമ്മി ആയിരുന്നില്ല. ലോവർ ഹൗസിൽ നടക്കുന്ന നടപടികൾ പരിശോധിക്കാൻ യൂട്യൂബ് തുറന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
റമ്മി എന്താണെന്ന് രോഹിത് പവാറിന് അറിയാം. എനിക്ക് അത് കളിക്കാൻ പോലും അറിയില്ല. എൻ്റെ ഫോണിൽ ഉണ്ടായത് സോളിറ്റർ ആയിരുന്നുവെന്നും മന്ത്രി ആവർത്തിച്ച് പറഞ്ഞു. യൂട്യൂബ് തുറന്നാൽ പരസ്യം വരും. 30 സെക്കൻ്റ് അത് കണ്ടിരിക്കേണ്ടിവരും. അത് ആർക്കും ഒഴിവാക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പെരുമാറ്റം ലജ്ജാകരമെന്നായിരുന്നു കോൺഗ്രസ് വിശേഷിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളും, വർധിച്ച് വരുന്ന കടബാധ്യതയും മൂലം കർഷക മേഖല തകർന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ മന്ത്രിക്ക് അവരെ കുറിച്ച് ആശങ്കയില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ബിജെപിയുമായി കൂടിയാലോചിക്കാതെ ഭരണകക്ഷിയായ എൻസിപി വിഭാഗത്തിന് ഒന്നും പ്രവർത്തിക്കാൻ കഴിയില്ലെന്ന് ശരദ് പവാർ ബ്ലോക്കിലെ രോഹിത് പവാർ പറഞ്ഞു. കൃഷി മന്ത്രി മണിക്‌റാവു കൊകാതെയ്ക്ക് വേരെ ജോലിയില്ലെന്നും റമ്മി കളിക്കാൻ സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 750 കർഷകർ ജീവനൊടുക്കിയപ്പോൾ മന്ത്രി റമ്മി കളിക്കുകയാണെന്ന് കോൺഗ്രസ് പാർട്ടി (എസ്‌പി) എംപി സുപ്രിയ സുലെചൂണ്ടിക്കാട്ടി. മണിക്‌റാവു കൊകാതെ രാജിവയ്ക്കണമെന്ന് അവർ വ്യക്തമാക്കി. രാജിവച്ചില്ലെങ്കിൽ നടപടിയെടുക്കണമെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.