"അതിനെ ബിജെപിയിലേക്കുള്ള ചാട്ടമായി ആരും കാണേണ്ട"; മോദി പ്രശംസയില്‍ വിശദീകരണവുമായി തരൂര്‍

അത് ദേശീയ ഐക്യത്തിന്റെയും, ദേശീയ താല്‍പ്പര്യത്തിന്റെയും, ഇന്ത്യക്കുവേണ്ടി നിലകൊള്ളുന്നതിന്റെയും പ്രസ്താവനയെന്ന് തരൂര്‍
Shashi Tharoor
ശശി തരൂര്‍File Photo
Published on

ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ചുള്ള ലേഖനം സംബന്ധിച്ച വിവാദങ്ങള്‍ക്കും ഊഹോപോഹങ്ങള്‍ക്കും മറുപടിയുമായി ശശി തരൂര്‍. ലേഖനത്തെ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയില്‍ ചേരാനുള്ള ചാട്ടമായി ആരും കാണേണ്ടെന്ന് തരൂര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ചിലയാളുകള്‍ ധ്വനിപ്പിക്കുന്നതുപോലെ, അത് പ്രധാനമന്ത്രിയുടെ പാര്‍ട്ടിയില്‍ ചേരാനുള്ള എടുത്തുചാട്ടത്തിന്റെ സൂചനയല്ല. അത് ദേശീയ ഐക്യത്തിന്റെയും, ദേശീയ താല്‍പ്പര്യത്തിന്റെയും, ഇന്ത്യക്കുവേണ്ടി നിലകൊള്ളുന്നതിന്റെയും പ്രസ്താവനയാണെന്നും തരൂര്‍ വ്യക്തമാക്കി. മോസ്കോയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു വിവാദങ്ങളോടുള്ള തരൂരിന്റെ പ്രതികരണം.

ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളുടെ വിജയം എടുത്തുകാണിക്കുന്നതിനാണ് ലേഖനം എഴുതിയതെന്ന് തരൂര്‍ വിവരിച്ചു. "ഔട്ട്റീച്ച് ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് വിവരിക്കുന്ന ലേഖനമാണത്. ദേശീയ താല്‍പ്പര്യത്തിന്റെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ഐക്യം അതില്‍ പ്രകടമാണ്. പ്രധാനമന്ത്രി ഇടപഴകുന്നതിൽ ചലനാത്മകതയും ഊർജസ്വലതയും പ്രകടിപ്പിച്ചുവെന്ന് ഞാൻ പറഞ്ഞു. മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും കൂടുതല്‍ രാജ്യങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സന്ദേശം ലോകമെങ്ങും എത്തിക്കുന്നതായിരുന്നു ആ യാത്രകള്‍.

ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളുടെയും, സംഘടനകളുടെയും മതങ്ങളുടെയും ശക്തി വഹിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതായിരുന്നു നാമെല്ലാം ചെയ്തിരുന്നത്... ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന് ലോകത്തെ അറിയിക്കുന്നതായിരുന്നു അത്... ഇന്ന് ഭീകരവാദത്തിന് എതിരെ, നാളെ അത് മറ്റ് എന്തെങ്കിലുമാകാം... രാഷ്ട്രീയപരമായ വ്യത്യാസങ്ങള്‍ അതിര്‍ത്തികള്‍ക്കുള്ളില്‍ അവസാനിക്കണം. ബിജെപിയുടെ വിദേശ നയം, കോണ്‍ഗ്രസിന്റെ വിദേശം നയം എന്നിങ്ങനെയില്ല. ഇന്ത്യയുടെ വിദേശനയം, ഇന്ത്യയുടെ ദേശീയ താല്‍പ്പര്യം എന്നേയുള്ളൂ" - തരൂര്‍ വ്യക്തമാക്കി.

Shashi Tharoor
പ്രധാനമന്ത്രിയുടെ ഊർജവും ഇടപെടൽ ശേഷിയും ആഗോളതലത്തിൽ മുതൽക്കൂട്ട്; മോദിക്കും ഓപ്പറേഷൻ സിന്ദൂറിനും വീണ്ടും തരൂരിൻ്റെ പ്രശംസ

ദി ഹിന്ദു ദിനപത്രത്തിൽ എഴുതിയ 'ലെസൺസ് ഫ്രം ഓപ്പറേഷൻ സിന്ദൂർസ് ഗ്ലോബൽ ഔട്ട്റീച്ച്' എന്ന ലേഖനത്തിലാണ് ഓപ്പറേഷൻ സിന്ദൂറിനെയും പ്രധാനമന്ത്രി മോദിയെയും തരൂര്‍ പ്രശംസിച്ചത്. പ്രധാനമന്ത്രി മോദിയുടെ ഊർജവും ചലനാത്മകതയും ചർച്ചകൾക്ക് കാണിക്കുന്ന തുറന്ന മനസും ആഗോള തലത്തിൽ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് തരൂ‍ർ ലേഖനത്തിൽ പറയുന്നു. മോദി കൂടുതൽ പിന്തുണ അർഹിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ച തരൂ‍ർ, സങ്കീർണമായ ആഗോള രാഷ്ട്രീയത്തിൽ- ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പ്രകടിപ്പിച്ച ഐക്യം, വ്യക്തമായ ആശയ വിനിമയം, നയതന്ത്ര നീക്കം എന്നിവ മുന്നോട്ട് നീങ്ങാൻ രാജ്യത്തെ സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു.

തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ഇതോടെ, കോണ്‍ഗ്രസിനകത്തും പുറത്തുമൊക്കെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ലേഖനം കാരണമായി. തരൂര്‍ ബിജെപിയിലേക്ക് അടുക്കുന്നു എന്ന തരത്തില്‍ മാധ്യമ വിശകലനങ്ങളും വന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com