

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആദ്യമായി സ്വകാര്യമേഖലയില്‍ വികസിപ്പിച്ച റോക്കറ്റിനു പിന്നിലുള്ള യുവാക്കളെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം. സ്കൈറൂട്ട് സ്റ്റാർട്ട്അപ്പില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശരാശരി പ്രായം 28 വയസാണ്. യുവമനസ്സുസുകളാണ് ഇത് സാധ്യമാക്കിയത്. 56 വയസുള്ള യുവാവിനെക്കുറിച്ചല്ല പറയുന്നതെന്ന് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഒളിയമ്പ്. വർഷകാല സമ്മേളനം ഫലപ്രദമായിരിക്കാന്‍ നമുക്ക് പ്രാർഥിക്കാമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കഴിഞ്ഞ മാസം രാജ്യം നിരവധി നാഴികക്കല്ലുകൾ കൈവരിക്കുകയും അത് പൗരന്മാരിൽ അഭിമാനം നിറയ്ക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ നേട്ടങ്ങൾ ദേശീയ, അന്തർദേശീയ, ബഹിരാകാശ മേഖലകളിൽ ഉൾപ്പെടെ വ്യാപിപിച്ചുകിടക്കുന്നു. കഴിഞ്ഞ വർഷത്തെ വർഷകാല സമ്മേളനത്തിന് തൊട്ടുമുമ്പ് ഒരു ഇന്ത്യൻ പൗരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഒരു യുവ സ്റ്റാർട്ടപ്പ് അസാധാരണമായ ഒരു നേട്ടം കൈവരിച്ചു. സ്വകാര്യ സംരംഭങ്ങൾ ഇത്തരം ശേഷി തെളിയിച്ചിട്ടുള്ള ചുരുക്കം ചില രാജ്യങ്ങൾ മാത്രമേ ലോകത്തുള്ളൂ. നമ്മുടെ യുവ നവീന സംരംഭകർ ബഹിരാകാശത്ത് ഇന്ത്യയുടെ അഭിലാഷങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. ഇത് യഥാർഥത്തിൽ ശ്രദ്ധേയമായ നേട്ടമാണ്.
സ്കൈറൂട്ട് സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കുന്ന ടീമിന്റെ ശരാശരി പ്രായം വെറും 28 വയസ് മാത്രമാണെന്ന് അറിഞ്ഞു. ഈ യുവമനസുകളാണ് ഇത് സാധ്യമാക്കിയത്. 56 വയസ്സുള്ള ഒരു യുവാവിനെക്കുറിച്ചല്ല ഞാൻ പറയുന്നത്; ശരാശരി 28 വയസ്സ് മാത്രം പ്രായമുള്ള ടീമിന്റെ ഒരു സ്റ്റാർട്ടപ്പിനെക്കുറിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സഭയിൽ പരിചയസമ്പന്നരായ നിരവധി അംഗങ്ങളുണ്ട്, അവരുടെ അറിവും ബുദ്ധിയും പാർലമെന്റിനും രാജ്യത്തിനും ആവശ്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനാൽ, പാർലമെന്റ് പ്രവർത്തിക്കണം, അർഥവത്തായ ചർച്ചകൾ നടക്കണം, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളണം. ഇതാണ് കാലഘട്ടത്തിന്റെ ആവശ്യവും യുവത്വത്തിന്റെ അഭിലാഷവും. വസ്തുതകളും യുക്തിയും നിലനിൽക്കുന്നിടത്ത് തടസങ്ങൾക്ക് സ്ഥാനമില്ലെന്ന് ഉറപ്പുണ്ട്. പാർലമെന്റിലെ ചർച്ചകൾ വസ്തുതകളും യുക്തിയും കൊണ്ട് സമ്പന്നമാകുമെന്നും എല്ലാ ശബ്ദങ്ങൾക്കും അവസരം ലഭിക്കുമെന്നും ഓരോ ആശയത്തിനും ആദരവ് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. സമ്മേളനത്തിൽ സജീവമായി പങ്കടുക്കാൻ എല്ലാ പാർലമെന്റ് അംഗങ്ങളെയും ക്ഷണിക്കുന്നതായും പ്രധാനമന്ത്രി മോദി പറഞ്ഞു.