

ശ്രീനഗര്‍: നൗഗാം പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ അട്ടിമറി സാധ്യതകള്‍ തള്ളി ജമ്മു കശ്മീരില്‍ പൊലീസ്. പൊലീസ് സ്റ്റേഷന്റെ അകത്തു നിന്ന് അത് കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതെന്ന് ജമ്മു കശ്മീര്‍ ഡിജിപി നളിന്‍ പ്രഭാത് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
സംഭവത്തിൽ നേരത്തെ ഭീകരാക്രമണ സാധ്യതകളുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വ്യക്തത വരുത്തി രംഗത്തെത്തിയത്.
നിലവില്‍ എന്തെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യതകള്‍ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ നൗഗാം പൊലീസ് സ്റ്റേഷന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒന്‍പത് പേര്‍ മരിക്കുകയും 32 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പൊലീസുകാരും ഫോറന്‍സിക് ടീം ഉദ്യോഗസ്ഥരുമാണ് മരിച്ചവരിലേറെയും. ശ്രീനഗറിലെ ഒരു നായിബ് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള രണ്ട് ഉദ്യോഗസ്ഥരും സ്‌ഫോടനത്തില്‍ മരിച്ചു. പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും ഷേര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും (ടഗകങട) പ്രവേശിപ്പിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നൗഗാമില്‍ എത്തിയിട്ടുണ്ട്.
വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂള്‍ കേസിലെ അന്വേഷണത്തിനിടെ ഹരിയാനയിലെ ഫരീദാബാദിലെ ഒരു ഡോക്ടറുടെ വാടക വീട്ടില്‍ നിന്നും പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ തുടങ്ങിയ രാസവസ്തുക്കളാണ് ഇവിടെയുണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇവ പരിശോധിക്കുമ്പോഴാണ് സ്‌ഫോടനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.