
ഭുവനേശ്വര്‍: കോളേജ് പ്രിന്‍സിപ്പലിന്റെ മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി മരിച്ചു. 95 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. അധ്യാപകന്റെ മാനസിക പീഡനത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യ.
ഭുവനേശ്വര്‍ എയിംസില്‍ രണ്ട് ദിവസമായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചത്. ഒഡീഷയിലെ ബലാസോറിലുള്ള ഫകീര്‍ മോഹന്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ ഒഡീഷ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ എത്തിച്ച് തക്കതായ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു.
ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. പരാതി നല്‍കിയിട്ടും പ്രിന്‍സിപ്പല്‍ ഗൗരവത്തിലെടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തിരുന്നു. വകുപ്പ് മേധാവിയായ സമീര്‍ കുമാര്‍ സാഹുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തന്റെ പരാതിയില്‍ വകുപ്പ് മേധാവിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പറഞ്ഞ് 20 കാരിയായ വിദ്യാര്‍ഥിനി ഏതാനും ദിവസം മുന്‍പ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. കോളേജിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും പങ്കുവച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി മോഹന്‍ മാജി വിഷയത്തിലിടപെട്ടത്. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ മരണം.
ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കുമെന്ന് വകുപ്പ് മേധാവിയുടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. രണ്ട് ദിവസം മുമ്പ് കോളേജിന് മുന്നില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധവുമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെയാണ് വിദ്യാര്‍ഥി പ്രിന്‍സിപ്പാളിന്റെ മുന്നിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. തീപിടിച്ച യുവതി കോളജ് വരാന്തയിലേക്ക് ഓടുന്നതാണ് ദൃശ്യങ്ങളില്‍. രക്ഷിക്കാനെത്തിയ മറ്റൊരാളുടെ ദേഹത്തേക്കും തീ പടര്‍ന്നിരുന്നു.
ജുലൈ പന്ത്രണ്ടിനാണ് പെണ്‍കുട്ടിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11.45 ഓടെയാണ് മരണം സംഭവിച്ചത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)