

ഭുവനേശ്വർ: പശ്ചിമ ബംഗാൾ ദിഘയിലെ 'ജഗന്നാഥ ധാം' ക്ഷേത്രത്തിൻ്റെ പേരിൽ നിന്ന് 'ധാം' ഒഴിവാക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയോട് മോഹൻ ചരൺ മാജി കത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. 'ധാം' എന്നത് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഡീഷ മുഖ്യമന്ത്രിയുടെ ആവശ്യം. അഭ്യർഥന പരിഗണിച്ച ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദിഘ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് 'ധാം' ഉപേക്ഷിക്കുമെന്ന് അറിയിച്ചു.
പുരിയിലെ ക്ഷേത്രം ആത്മീയവും ചരിത്രപരവും സാംസ്കാരികവുമായ പ്രധാന്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഒഡീഷ മുഖ്യമന്ത്രി കത്ത് നൽകിയത്. "ദിഘ ജഗന്നാഥ ധാം" എന്ന പേര് ഉപയോഗിക്കുന്നത് ഭക്തരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പണ്ഡിതർക്കും സാമൂഹിക-സാംസ്കാരിക സംഘടനകൾക്കും ഇടയിൽ ആശങ്കയുണ്ടാക്കിയെന്നും കത്തിൽ വിശദമാക്കിയിരുന്നു. ഹിന്ദുമതത്തിലെ നാല് ആദരണീയമായ ചാർ ധാമുകളിൽ ഒന്നായ പുരി ക്ഷേത്രത്തെ പരാമർശിക്കുന്നതിനാൽ "ജഗന്നാഥ ധാം" വളരെയധികം ആത്മീയവും ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ളതാണെന്നും മാജി വ്യക്തമാക്കി.
പുരിയുടെ ജഗന്നാഥ ധാമിന്റെ പവിത്രതയും വ്യതിരിക്തമായ ഐഡന്റിറ്റിയും സംരക്ഷിക്കുന്നതിന് "ശ്രീ ജഗന്നാഥ ക്ഷേത്രം, ദിഘ" പോലുള്ള ഒരു ബദൽ പേര് സ്വീകരിക്കാൻ മാജി പശ്ചിമ ബംഗാൾ സർക്കാരിനോട് അഭ്യർഥിച്ചു. പശ്ചിമബംഗാളിൽ ഭരണമാറ്റം സംഭവിച്ചതിന് ശേഷമാണ് മാജി ഇത്തരമൊരു അഭ്യർഥന മുന്നോട്ട് വയ്ക്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാൽ തർക്കങ്ങളില്ലാതെ ഒഡീഷ സർക്കാരിന്റെ ആവശ്യം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി അംഗീകരിച്ചു. മുൻ സർക്കാർ 'ധാം' എന്ന വാക്ക് ചേർത്തിരുന്നത് സനാതന ധർമ്മ പാരമ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.