ഒഡീഷ ഇഡി ഡെപ്യൂട്ടി ഡയറക്ടർ കൈക്കൂലി കേസിൽ അറസ്റ്റിൽ. 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിബിഐ ഇഡി ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവൻശിയെ അറസ്റ്റ് ചെയ്തത്. ഖനി വ്യവസായിയിൽ നിന്ന് അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ചിന്തൻ രഘുവൻഷിയെ സിബിഐ അറസ്റ്റ് ചെയ്തത്.
ധെങ്കനാലിൽ കല്ല് ഖനന ബിസിനസ് നടത്തുന്ന വ്യവസായി രതികാന്ത റൗട്ടിൽ നിന്ന് ഇഡി കേസിൽ ഇളവ് നൽകാമെന്ന് പറഞ്ഞ് ചിന്തൻ രഘുവംശി അഞ്ച് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി തുകയുടെ ആദ്യ ഗഡു റൗട്ടിൽ നിന്ന് വാങ്ങാൻ പോകുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഏജൻസി ഒരു ഓപ്പറേഷൻ നടത്തി ഇയാളെ കുടുക്കുകയായിരുന്നുവെന്ന് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.
സിബിഐ എഫ്‌ഐആർ പ്രകാരം, ഈ വർഷം മാർച്ചിൽ ഭുവനേശ്വറിലെ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്ന പരാതിയുമായി റൗട്ട് ഏജൻസിയെ സമീപിച്ചു. രഘുവംശി റൗട്ടിനെ തന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തി, കേസിൽ വിടുതൽ ലഭിക്കാൻ ഭാഗ്തി എന്ന വ്യക്തിയെ കാണാൻ ആവശ്യപ്പെട്ടു. അന്ന് മുതൽ ഭാഗ്തി അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നുവെന്നും, വിഷയം ഒത്തുതീർപ്പാക്കാൻ രഘുവംശിക്ക് പണം നൽകാൻ ഫേസ്‌ടൈമിലൂടെ റൗട്ടിൽ സമ്മർദം ചെലുത്തിയെന്നും പരാതിയിൽ പറയുന്നു. മെയ് 27ന് ഭാഗ്തി റൗട്ടിനെ കാണുകയും രഘുവംശി, തന്റെ ആശുപത്രി അറ്റാച്ച് ചെയ്യാതിരിക്കാനും, അറസ്റ്റ് ചെയ്യാതിരിക്കാനും, കേസ് ഒത്തുതീർപ്പാക്കാനും അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും എഫ്‌ഐആറിൽ പറയുന്നു. ഇത്രയും വലിയ തുക തനിക്ക് ഉണ്ടാക്കാൻ സാധിക്കില്ലെന്ന് അറിയിച്ചപ്പോൾ, ചുരുക്കി രണ്ട് കോടി ആവശ്യപ്പെടുകയായിരുന്നു.
കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസിലെ 2013 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ രഘുവംശിയെ ഓപ്പറേഷനിൽ പിടികൂടുകയും പിന്നീട് ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു.