

ബെംഗളൂരു: ഓല കമ്പനിക്കെതിരെ 28 പേജുള്ള കുറിപ്പെഴുതി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. 38കാരനായ കെ. അരവിന്ദ് ആണ് ജീവനൊടുക്കിയത്. കമ്പനിയില്‍ തുടര്‍ച്ചയായ പീഡനവും അപമാനവും നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു.
സെപ്തംബര്‍ 28നാണ് അരവിന്ദിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിക്കെ മരിച്ചു. മരണത്തിന് പിന്നാലെയാണ് യുവാവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. കുറിപ്പില്‍ സീനിയര്‍ ഒാല എക്‌സിക്യൂട്ടീവുമാര്‍ക്കെതിരെ തൊഴില്‍ സമ്മര്‍ദ്ദവും പീഡനവുമടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉണ്ട്.
അരവിന്ദിന്റെ അക്കൗണ്ടിലേക്ക് പണം വന്നതു സംബന്ധിച്ച് എച്ച്ആര്‍ ഡിപാര്‍ട്ട്‌മെന്റിന് ഒരു വിശദീകരണം നല്‍കാന്‍ സാധിച്ചില്ലെന്നും കുറിപ്പില്‍ ആരോപിക്കുന്നു.
അതേസമയം കേസില്‍ ഓല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിനും സീനിയര്‍ എക്‌സിക്യൂട്ടീവ് ശുബ്രാത് കുമാര്‍ ദാസിനും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. അരവിന്ദിന്റെ സഹോദരന്‍ അശ്വിന്‍ കണ്ണന്റെ പരാതിയിലാണ് കേസ്. അരവിന്ദിന് മരണത്തിന് പിന്നാലെ സ്ഥാപനത്തില്‍ 17.46 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ആരോപിക്കുന്നു.
അരവിന്ദിന്റെ വേതനവും ഇന്‍സെന്റീവും കമ്പനി തടഞ്ഞു വച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ച ഉടനെ തന്നെ കേസില്‍ എഫ്‌ഐആറില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അവര്‍ വിശദീകരണം എഴുതി തന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അന്വേഷണം നടന്നുകൊണ്ടിരിക്കുയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം ജോലി ചെയ്തിരുന്ന സമയത്ത് അരവിന്ദ് ഒരിക്കലും ഒരു തരത്തിലുമുള്ള പരാതിയും ഉന്നയിച്ചിരുന്നില്ല. കമ്പനിയുടെ ഉന്നത ഉദ്യോസ്ഥരുമായി നേരിട്ട് ഇടപെടുന്ന തരത്തിലായിരുന്നില്ല അരവിന്ദിന്റെ ജോലിയുടെ സ്വഭാവമെന്നും ഓല വക്താവ് പറഞ്ഞു.