"ഉറ്റുനോക്കുന്നത് കശ്മീരിൻ്റെ ശോഭനമായ ഭാവിയിലേക്ക്, പക്ഷെ പഹൽഗാമിൽ സംഭവിച്ചതൊന്നും മറക്കില്ല"

ഞങ്ങൾ ഭാവിയിലേക്കാണ് നോക്കുന്നത്, പക്ഷേ ഞങ്ങൾ മറക്കില്ല, തീവ്രവാദികൾക്കായുള്ള വേട്ട ഉപേക്ഷിക്കുകയുമില്ലെന്ന് ഒമർ അബ്ദുള്ള പ്രതികരിച്ചു
"ഉറ്റുനോക്കുന്നത് കശ്മീരിൻ്റെ ശോഭനമായ ഭാവിയിലേക്ക്, പക്ഷെ പഹൽഗാമിൽ സംഭവിച്ചതൊന്നും മറക്കില്ല"
Published on

ജമ്മു കശ്മീരിൻ്റെ നല്ല ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നതെങ്കിലും, പഹൽഗാമിൽ സംഭവിച്ചതൊന്നും മറക്കില്ലെന്ന് ജമ്മു കശ്മീ‍ർ മുഖ്യമന്ത്രി ഒമ‍ർ അബ്ദുള്ള. ഞങ്ങൾ ഭാവിയിലേക്കാണ് നോക്കുന്നത്, പക്ഷേ ഞങ്ങൾ മറക്കില്ല. തീവ്രവാദികൾക്കായുള്ള വേട്ട ഉപേക്ഷിക്കുകയുമില്ലെന്ന് ഒമർ അബ്ദുള്ള പ്രതികരിച്ചതായി എൻഡിടിവി റിപ്പോ‍ർട്ട് ചെയ്തു. പഹൽഗാമിൽ ജമ്മു കശ്മീർ മന്ത്രിസഭയുടെ പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

ടൂറിസത്തെ സംഘർഷരഹിതമായ പ്രവർത്തനമായി കണക്കാക്കണമെന്നും രാഷ്ട്രീയത്തിന്റെ ഉപകരണമായി കണക്കാക്കരുതെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞിരുന്നു. ജമ്മുവിനോ ശ്രീനഗറിനോ പുറത്ത് ഈ സർക്കാർ ആദ്യമായാണ് മന്ത്രിസഭായോഗം ചേരുന്നത്. സർക്കാരിന്റെ അജണ്ടയുമായി മുന്നോട്ടു പോകും. കഴിഞ്ഞ അഞ്ചോ ആറോ ആഴ്ചകൾ കശ്മീരിന് എളുപ്പമുള്ളതായിരുന്നില്ല. ജനങ്ങളുടെ സന്തോഷത്തിന്റെയും വികസനത്തിന്റെയും അജണ്ടയെ രക്തച്ചൊരിച്ചിൽ കൊണ്ട് തകർക്കാനാകില്ലെന്നും ഒമ‍ർ അബ്ദുള്ള പ്രതികരിച്ചു.

ഭീകരാക്രമണത്തിന് അഞ്ച് ആഴ്ചകൾക്ക് ശേഷം നടന്ന മന്ത്രിസഭാ യോ​ഗത്തെ സംബന്ധിച്ച് ഒമ‍ർ അബ്ദുള്ള എക്സിലും കുറിച്ചു. "പഹൽഗാമിൽ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കും. പ്രദേശവാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഞങ്ങൾ വന്നത്. കശ്മീരിലേക്കും പഹൽഗാമിലേക്കും പതുക്കെ മടങ്ങുന്ന എല്ലാ വിനോദസഞ്ചാരികൾക്കും നന്ദി അറിയിക്കാൻ കൂടിയാണ് ഞങ്ങൾ വന്നിരിക്കുന്നത്" എന്നാണ് ഒമർ അബ്ദുള്ള എക്സിൽ കുറിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് മറുപടി നല്‍കിയത്. പ്രധാനപ്പെട്ട ഭീകര കേന്ദ്രങ്ങളായിരുന്നു ഇന്ത്യ തകര്‍ത്തത്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഷെല്ലാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ വീണ്ടും തിരിച്ചടിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com