ഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ എട്ടാം പ്രതി ഡോ.ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്. മുഖ്യപ്രതി ഉമർ നബിക്ക് ഡോ.ബിലാൽ സഹായം നൽകിയതായും എൻഐഎ കണ്ടെത്തി. നവംബർ 10ന് നടന്ന ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഇന്നും പുരോഗമിക്കുകയാണ്. തീവ്രവാദ ബന്ധമുൾപ്പെടെ ഇതിനോടകം തെളിവുകൾ ലഭിച്ചുകഴിഞ്ഞു.
സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ ആറ് പേരെയാണ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നത്. ജമ്മു കശ്മീരിലെ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. അദീൽ അഹമ്മദ് റാത്തർ, മുഫ്തി ഇർഫാൻ അഹമ്മദ് വാഗേ, ലഖ്‌നൗവിൽ നിന്നുള്ള ഡോ. ഷഹീൻ സയീദ്, അനന്ത്നാഗ് സ്വദേശി ജാസിർ ബിലാൽ വാനി, അല്‍ഫലാഹ് സര്‍വകലാശാലാ ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖി എന്നിവരാണ് അറസ്റ്റിലായത്.
സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദികൾ പദ്ധതിയിട്ടിരുന്നത് വമ്പൻ ആക്രമണമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയതിന് സമാനമായ ആക്രമണമാണ് സംഘം പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് ഹമാസ് നടത്തിയ ആക്രമണത്തിന് സമാനമായ ഒന്നാണ് പ്രതികൾ ലക്ഷ്യമിട്ടതെന്നും അന്വേഷണ സംഘം പറയുന്നു. ഉമർ നബിയടക്കമുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ജാസിർ ബിലാലാണെന്നും അന്വേഷണ സംഘം പറയുന്നു.