ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്ഥാൻ്റെ പ്രചരണം തള്ളി സംയുക്ത സൈനിക മേധാവി

ഇന്ത്യൻ യുദ്ധവിമാനം ഏതെങ്കിലും നഷ്ടമായോ എന്നതിൽ ജനറൽ അനിൽ ചൗഹാൻ വ്യക്തത വരുത്തിയിട്ടില്ല.
നാല് ദിവസം നീണ്ട സംഘർഷം ഒരിക്കൽ പോലും ആണവ യുദ്ധത്തിന്റെ വക്കിൽ എത്തിയിട്ടില്ലെന്നും അനിൽ ചൌഹാൻ വ്യക്തമാക്കി.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻANI
Published on

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്ഥാൻ്റെ പ്രചരണം തള്ളി സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ. എന്നാൽ, ഇന്ത്യൻ യുദ്ധവിമാനം ഏതെങ്കിലും നഷ്ടമായോ എന്നതിൽ ജനറൽ അനിൽ ചൗഹാൻ വ്യക്തത വരുത്തിയിട്ടില്ല. യുദ്ധവിമാനം വീണോ എന്നതല്ല, എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനമെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കു പോർവിമാനം നഷ്ടമായോ എന്നതിൽ വ്യക്തമായ ഉത്തരം നൽകാതെയായിരുന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ സംയുക്ത സൈനിക മേധാവി അനിൽ ചൌഹാൻ്റെ പ്രതികരണം. സംഘർഷത്തിൽ ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാകിസ്താന്‍റെ വാദം അനിൽ ചൗഹാൻ തള്ളി. യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് വീണു എന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും എണ്ണത്തിലല്ല കാര്യമെന്നും അനിൽ ചൗഹാൻ പറഞ്ഞു. തന്ത്രപരമായ തെറ്റുകൾ മനസ്സിലാക്കാനും അതിന് ഉചിതമായ പരിഹാരം കണ്ട് തിരുത്താനും ഓപ്പറേഷൻ സിന്ദൂറിലൂടെ സാധിച്ചുവെന്നും സംയുക്ത സൈനിക മേധാവി കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇടപെടലാണ് ആണവയുദ്ധം ഒഴിവാകാൻ കാരണമെന്ന വാദവും അനിൽ ചൗഹാൻ തള്ളി. അണുവായുധങ്ങളുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിൽ അരനൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മോശമായ ഏറ്റമുട്ടലായിരുന്നു ഇത്. നാല് ദിവസം നീണ്ട സംഘർഷം ഒരിക്കൽ പോലും ആണവ യുദ്ധത്തിന്റെ വക്കിൽ എത്തിയിട്ടില്ലെന്നും അനിൽ ചൌഹാൻ വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടോ എന്നതിൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ത്യ-പാക് സംഘർഷത്തിൽ സേനയ്ക്കും നഷ്ടമുണ്ടായി എന്നാണ് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്. നേരത്തേ, സൈനിക വക്താക്കളുടെ വാർത്താ സമ്മേളനത്തിൽ റഫേൽ യുദ്ധവിമാനം നഷ്ടപ്പെട്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പോരാട്ടത്തിൽ നഷ്ടങ്ങൾ സ്വാഭാവികമാണെന്ന് എയർ മാർഷൽ എ കെ ഭാരതിയും വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com