കേന്ദ്രത്തിനെതിരെ പുതിയ പോര്‍മുഖം തുറന്ന് പ്രതിപക്ഷം; ഗാന്ധിസ്മൃതിയിലെത്തി ഇന്‍ഡ്യാ സഖ്യം

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് അന്ത്യാജ്ഞലി അർപ്പിക്കാനാണ് ഗാന്ധി സ്‌മൃതിയിലേക്ക് പോകുന്നതെന്ന് രാഹുല്‍ ഗാന്ധി
കേന്ദ്രത്തിനെതിരെ പുതിയ പോര്‍മുഖം തുറന്ന് പ്രതിപക്ഷം; ഗാന്ധിസ്മൃതിയിലെത്തി ഇന്‍ഡ്യാ സഖ്യം
Published on
Updated on

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ വിഷയങ്ങള്‍ക്കെതിരായ വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് പ്രതിപക്ഷത്തിന്റെ മറ്റൊരു അപ്രതീക്ഷിത നീക്കം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യാ സഖ്യം നേതാക്കള്‍ ഗാന്ധി സ്മൃതിയിലെത്തി. മൂന്ന് ബസുകളിലായാണ് പ്രതിപക്ഷ എംപിമാര്‍ എത്തിയത്. പിന്തുണയുമായി വലിയ ജനക്കൂട്ടവും എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തില്‍നിന്ന് ഒരു തരിമ്പുപോലും പിന്നോട്ടില്ലെന്ന് അടിവരയിടുകയാണ് പ്രതിപക്ഷം.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് അന്ത്യാജ്ഞലി അർപ്പിക്കാനാണ് തീസ് ജനുവരി മാര്‍ഗിലെ ഗാന്ധി സ്‌മൃതിയിലേക്ക് പോകുന്നതെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാഹുലിന്റെ വസതിയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഗാന്ധി സ്‌മൃതി. എന്നാല്‍, വഴിമധ്യേ, ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് യാത്ര തടസപ്പെടുത്തി. എംപിമാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ, ബാരിക്കേഡ് നീക്കി ബസ് കടത്തിവിടുകയായിരുന്നു.

എംപിമാര്‍ എത്തിയപ്പോള്‍ ഗാന്ധി സ്‌മൃതി അഞ്ചു മണിയോടെ അടച്ചതിനാല്‍ കയറ്റാനാവില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പ്രതിഷേധം കടുത്തപ്പോള്‍ പൊലീസ് അയഞ്ഞു. എംപിമാര്‍ ഗാന്ധി സ്‌മൃതിയില്‍ പ്രവേശിച്ചു.

നേരത്തെ, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. തൊട്ടുപിന്നാലെ, ഇന്ത്യാ ഗേറ്റില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. എന്നാല്‍, പൊലീസ് അനുമതി നല്‍കിയില്ല. ഇതോടെയാണ് ഗാന്ധി സ്‌മൃതിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. സമരം സമാധാനപരമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

News Malayalam 24x7
newsmalayalam.com