തെരഞ്ഞെടുപ്പിന് ആറുമാസം മാത്രമുള്ള അസമിൽ, നുഴഞ്ഞുകയറ്റ വിഷയം വീണ്ടും സജീവ ചർച്ചയാക്കി ബിജെപി. അമിത് ഷാ ഗുവാഹത്തിയിൽ നടത്തിയ പ്രസംഗത്തോടെയാണ് നുഴഞ്ഞുകയറ്റത്തിൽ കൂടുതൽ പ്രതികരണങ്ങൾ വന്നത്. ഷായുടെ പ്രസംഗത്തിനെതിരെ ടിഎംസി നേതാവ് മഹുവാ മൊയ്ത്രയും ഗൗരവ് ഗൊഗോയും തിരിച്ചടിച്ചു. ഇതിനോട് പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്തയും രംഗത്തുവന്നിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നവർ ഒരു കാരണവശാലും അസമിനെ നയിച്ചുകൂടാ. - വെള്ളിയാഴ്ച്ച ഗുവാഹത്തിയിൽ നടന്ന ബിജെപിയുടെ റാലിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
അസമിലെ ഭൂമി നുഴഞ്ഞുകയറ്റക്കാരോ ഇടയ്ക്കിടെ പാകിസ്താനിൽ പോയി വരുന്നവരോ കയ്യടക്കരുത്. ആദിവാസി ഭൂമി വിവാഹത്തിലൂടെ കവർന്നെടുക്കാനും അനുവദിക്കില്ല. അസം ഭരിക്കുന്നത് നരേന്ദ്രമോദിയും ഹിമന്ത ബിശ്വ ശർമയും ചേർന്നാണ്. ഇനിയും അസമിനെ നയിക്കേണ്ടത് നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നവർ തന്നെ - അമിത് ഷായുടെ വാക്കുകൾ വലിയ കയ്യടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ഗുവാഹത്തിയിൽ ബിജെപിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത പഞ്ചായത്ത് പ്രതിനിധി സമ്മേളൻ എന്ന മഹാസമ്മേളനത്തിലായിരുന്നു ഷായുടെ പ്രസംഗം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബിജെപി
പ്രതിനിധികളുടെ സംസ്ഥാന തല യോഗമായിരുന്നു ഇത്.മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ച് സംസ്ഥാനത്ത് ഭിന്നിപ്പുണ്ടാക്കുന്നവരല്ല അസമിനെ നയിക്കേണ്ടത് എന്ന കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയ്ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്. വോട്ടർ അധികാർ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച രാഹുൽഗാന്ധി രാജ്യത്തോട് മാപ്പു പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. എന്നാൽ ഇതിനോട് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര അതേ ശൈലിയിൽ തിരിച്ചടിച്ചു. രാജ്യസുരക്ഷ കേന്ദ്രസർക്കാരിന്റേയും അമിത് ഷായുടെ കയ്യിലാണ്. ഇന്ത്യയുടെ സർവസൈന്യത്തിന്റേയും ചുമതലയും അതിർത്തികളുടെ നിയന്ത്രണവും കേന്ദ്രത്തിനാണ്. എന്നിട്ടും നുഴഞ്ഞുകയറ്റമെന്ന് ഇടയ്ക്കിടെ വിലപിക്കുന്നുവെങ്കിൽ നിങ്ങൾ ഒരു പരാജയമെന്നാർത്ഥം. - മൊയ്ത്ര പ്രതികരിച്ചു.
ഇതോടെ സമൂഹമാധ്യമങ്ങളിൽ മഹുവ മൊയ്ത്രയ്ക്കെതിരെ ബിജെപി പ്രവർത്തകരുടെ വൻ സൈബർ ആക്രമണവും തുടങ്ങി മഹുവയോട് പ്രതികരിക്കുന്നില്ലെന്നും അത് അവഗണിക്കുന്നു എന്നുമായിരുന്നു അസം മുഖ്യമന്ത്രി ഹിമന്തയുടെ പ്രതികരണം. ബംഗ്ലാദേശികൾക്ക് വേണ്ടി വാദിക്കുന്നവരോടുള്ള മറുപടി അമിത് ഷാ പറഞ്ഞു കഴിഞ്ഞതാണെന്നും ഹിമന്ത എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി. ഏതായാലും 2026 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ നുഴഞ്ഞുകയറ്റ വിഷയം സജീവമാക്കി നിർത്തുക എന്ന തന്ത്രം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് ബിജെപി.