
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങളില്‍ മോദി സര്‍ക്കാര്‍ മൗനം തുടരുന്നുവെന്ന് സിപിഐ എംപി പി. സന്തോഷ് കുമാര്‍. പാകിസ്ഥാനില്‍ ഭീകരവാദത്തിനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന മറുപടി നല്‍കുമ്പോള്‍ ട്രംപിന്റെ അപമാനങ്ങള്‍ക്ക് 'ഓപ്പറേഷന്‍ സൈലന്‍സ്' ആണെന്നും സന്തോഷ് കുമാര്‍ പരിഹസിച്ചു.
രാജ്യസഭയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയിലാണ് സന്തോഷ് കുമാറിന്റെ പ്രതികരണം. പാകിസ്ഥാന്‍ തീവ്രവാദ ഫാക്ടറി ആണെങ്കില്‍ പിന്നെ, യുദ്ധം നിര്‍ത്താന്‍ എന്തിനാണ് അന്താരാഷ്ട്ര സമ്മര്‍ദം ഏല്‍ക്കേണ്ടി വന്നതെന്നും അദ്ദേഹം ചോദിച്ചു.
എക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന നാലാമത്തെ നേതാവാണ് നരേന്ദ്ര മോദി. പക്ഷേ, ട്രംപിന്റെ അധിക്ഷേപങ്ങളില്‍ ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. സിപിഐ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിലകൊണ്ടിരുന്നു. എന്നാല്‍, ദേശാഭിമാനം ബിജെപിക്ക് മാത്രമാണെന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
നേതൃത്വം എന്നത് മാര്‍ക്കറ്റിങ് അല്ല, സമര്‍പ്പണമുള്ള രാഷ്ട്രീയ വിശ്വാസമാണെന്ന് സിപിഐ ഓര്‍മിപ്പിക്കുന്നു. മുംബൈ ഭീകരാക്രമണത്തിനു ശേഷം ബിജെപി സ്വീകരിച്ച സമീപനവും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനവും യുപിഎ സര്‍ക്കാരിനെ ദുര്‍ബലം എന്ന് വിശേഷിപ്പിച്ചതിന്റെ പത്ര വാര്‍ത്തയും ഉദാഹരണമാക്കിയായിരുന്നു എംപിയുടെ വിമര്‍ശനം.
ഓപ്പറേഷന്‍ സിന്ദൂറിനിടെ ബിജെപി പിന്തുണയോടെ ഗോദി മീഡിയ നടത്തിയ വര്‍ഗീയ പ്രചരണത്തേയും എംപി വിമര്‍ശിച്ചു. മധ്യപ്രദേശിലെ ബിജെപി മന്ത്രി കര്‍ണല്‍ സോഫിയ ഖുറേഷിയെ ഭീകരവാദിയുമായി ബന്ധപ്പെടുത്തി നടത്തിയ മതപരമായ പരാമര്‍ശം ആക്ഷേപാഹമാണെന്നും സന്തോഷ് കുമാര്‍ എംപി പറഞ്ഞു.