ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയതിനെക്കാൾ കൂടുതൽ പാക് കേന്ദ്രങ്ങൾ തകർക്കപ്പെട്ടുവെന്ന രേഖകൾ പുറത്ത്. പാകിസ്ഥാനാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ പുറത്തവിട്ടത്.
ഓപ്പറേഷൻ സിന്ദൂറിലൂടെ നിരവധി പാക് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ഇതുസംബന്ധിച്ച് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ തന്നെ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ ഇന്ത്യ പുറത്തുവിട്ട നഷ്ടകണക്കിനെക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന അവകാശവാദമാണ് ഇപ്പോൾ പാകിസ്ഥാൻ ഉന്നയിക്കുന്നത്.
ഇതിനാലാണ് ഇന്ത്യയോട് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ആവശ്യപ്പെട്ടതെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഡോസിയറിലെ ഭൂപടങ്ങളിൽ പെഷവാർ, ഝാങ്, സിന്ധിലെ ഹൈദരാബാദ്, പഞ്ചാബിലെ ഗുജറത്, ഭവാൽനഗർ, അറ്റോക്ക്, ചോർ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം വ്യോമാക്രമണത്തിന് ശേഷം നടത്തിയ പത്രസമ്മേളനങ്ങളിൽ ഇന്ത്യൻ സൈന്യം ഈ സ്ഥലങ്ങളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
ജമ്മുകശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയെന്നോളമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ തിരിച്ചടി നടത്തിയത്. പാകിസ്ഥാനിലെ ഒമ്പതോളം ഭീകരകേന്ദ്രങ്ങൾ തകർത്തുവെന്നാണ് ഇന്ത്യൻ സൈന്യം അറിയിച്ചത്.
ഭീകരാക്രമണം ഉണ്ടായി 14ആം ദിവസമാണ് ഇന്ത്യയുടെ മറുപടി നൽകിയത്. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്നായിരുന്നു സൈന്യം അറിയിച്ചത്.