

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മോശം സ്വഭാവം തിരുത്താൻ ഇരുമ്പ് ചങ്ങലകളും പാഡ്‌ലോക്കുകളും ഉപയോഗിച്ച് കെട്ടിയിട്ട് മാതാപിതാക്കൾ. ദിവസ വേതനക്കാരായ ഇരുവരും ജോലിക്ക് പോകുന്ന ദിവസങ്ങളിലാണ് ആൺകുട്ടിയെ ചങ്ങലയ്ക്കിട്ടിരുന്നത്. നാട്ടുകാർ ഇക്കാര്യം അധികൃതരെ അറിയിച്ചതിനെ തുടർന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ നിന്നുള്ള ഒരു സംഘം വീട് റെയ്ഡ് ചെയ്തപ്പോഴാണ് കാലുകളിൽ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടുമാസമായി കെട്ടിയിട്ടിരുന്ന കുട്ടിയുടെ കൈകളിലും കാലുകളിലും പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് കുട്ടിയെ അധികൃതർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സ്കൂൾ പഠനം നിർത്തിയ കുട്ടി നിരന്തരം വികൃതികൾ കാണിച്ചതു കൊണ്ടും മറ്റുള്ളവരുടെ ഫോണുകൾ മോഷ്ടിക്കുന്നത് പതിവായതു കൊണ്ടുമാണ് കെട്ടിയിട്ടതെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
മാതാപിതാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ സുരക്ഷിതമായി കസ്റ്റഡിയിലെടുത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേക്ക് അയച്ചു, കുട്ടിയ്ക്ക് കൗൺസിലിംഗും നൽകുന്നുണ്ട്.
സംഭവത്തെ കുറിച്ച് നാട്ടുകാർ രണ്ടു തവണ പൊലീസിൽ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് പ്രദേശവാസികൾ ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറിൽ (1098) വിവരം പങ്കുവെച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തകർ ഉടനടി നടപടി സ്വീകരിച്ചത്.