പ്രധാന്റെ രാജി, മോദിയുടെയും അമിത് ഷായുടെയും അസാന്നിധ്യം, സുപ്രധാന ബില്ലുകളുമില്ല; വര്‍ഷകാല സമ്മേളനത്തിന് സമാപനം

വനിതാ സംവരണം, മണ്ഡല പുനർനിർണയം ഉള്‍പ്പെടെ സുപ്രധാന ബില്ലുകൾ കൊണ്ടുവരാനാകാതെയാണ് സമ്മേളനം അവസാനിച്ചത്
പ്രധാന്റെ രാജി, മോദിയുടെയും അമിത് ഷായുടെയും അസാന്നിധ്യം, സുപ്രധാന ബില്ലുകളുമില്ല; വര്‍ഷകാല സമ്മേളനത്തിന് സമാപനം
ANI
Published on
Updated on

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സമാപിച്ചു. വനിതാ സംവരണം, മണ്ഡല പുനർനിർണയം എന്നിങ്ങനെ സർക്കാർ ലക്ഷ്യമിട്ടിരുന്ന സുപ്രധാന ബില്ലുകൾ കൊണ്ടുവരാനാകാതെയാണ് 19 ദിവസത്തെ സമ്മേളനം അവസാനിച്ചത്. നീറ്റ് ചോദ്യ പേപ്പര്‍ ക്രമക്കേടും, അയോധ്യ സംഭാവനക്കൊള്ളയുമൊക്കെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ സമ്മര്‍ദത്തിനൊടുവില്‍ എഫ്‌സിആർഎ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) വിടേണ്ടിവന്നു. പരീക്ഷാ ക്രമക്കേടില്‍ സിജെപി പ്രക്ഷോഭത്തെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അസാന്നിധ്യവുമൊക്കെ പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധങ്ങളുമായി.

പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി ഭരണം, അസമിൽ ഭരണത്തുടര്‍ച്ച, തൃണമൂൽ കോൺഗ്രസിലെയും ശിവസേന ഉദ്ധവ് പക്ഷത്തെയും പിളർപ്പോടെ ലോക്‌സഭയിൽ വർധിച്ച അംഗബലം... എന്നിങ്ങനെ വലിയ ആത്മവിശ്വാസവുമായാണ് മോദി സര്‍ക്കാര്‍ വർഷകാല സമ്മേളനത്തിന് തയ്യാറെടുത്തത്. നിര്‍ണായക ബില്ലുകള്‍ ഉള്‍പ്പെടെ പലതും സര്‍ക്കാരിന്റെ ലക്ഷ്യങ്ങളായിരുന്നു. ബജറ്റ് സമ്മേളനത്തിൽ പാസാകാതെ പോയ മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായിരുന്നു ഇതിൽ പ്രധാനം. എൻഡിഎ ഇതര കക്ഷികളെ ഒപ്പം നിർത്തി ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനുള്ള ചർച്ചകളും സർക്കാർ നടത്തിയിരുന്നു. പക്ഷേ, വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂലൈ 20ന് തന്നെ എല്ലാ പ്രതീക്ഷകളും പാളി.

പ്രധാന്റെ രാജി, മോദിയുടെയും അമിത് ഷായുടെയും അസാന്നിധ്യം, സുപ്രധാന ബില്ലുകളുമില്ല; വര്‍ഷകാല സമ്മേളനത്തിന് സമാപനം
എംഡിഎംഎ കേസില്‍ അറസ്റ്റിലായവരെ അറിയാം, സോഷ്യല്‍ മീഡിയ ടീമിലൊന്നും ഇല്ല; മെറ്റ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല: മുഖ്യമന്ത്രി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചാണ് ഭരണപക്ഷത്തിന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചത്. വിദ്യാര്‍ഥി മാര്‍ച്ചിനെ പൊലീസ് ഉള്‍പ്പെടെ സേനയെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള ശ്രമം കൈവിട്ടുപോയി. വിഷയം ഏറ്റെടുത്ത് പ്രതിപക്ഷ പാര്‍ട്ടികളും തെരുവിലിറങ്ങി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും മാര്‍ച്ച് നടന്നു. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ നേരിടാനുള്ള ശ്രമം തിരിച്ചടിയായി, കോടതികള്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തി. പൊതുജന വികാരം ആളിക്കത്തിയതോടെ, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്‌ക്കേണ്ടിവന്നു.

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമം, പെല്ലറ്റ് ഗണ്‍ ഉപയോഗം ഉള്‍പ്പെടെ വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉയര്‍ന്നുകേട്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ അറിയാതെ ഇതൊന്നും നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയിലും പുറത്തും ഉന്നയിച്ചു. അതിനിടെ, വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്തവരെ തിരഞ്ഞുപിടിച്ചുള്ള ഡല്‍ഹി പൊലീസ് പ്രതികാര നടപടിയെ ചോദ്യം ചെയ്ത് ഇടതു അംഗങ്ങളും രംഗത്തെത്തിയതോടെ, മറുപടി ഇല്ലാതെ സര്‍ക്കാര്‍ കുഴഞ്ഞു. പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും സഭയില്‍ വരാതായോടെ, അതിനെയും പ്രതിപക്ഷം ആയുധമാക്കി. വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം വന്ദേമാതരം പാടുന്ന ഏതാനും മിനിറ്റ് മാത്രമാണ് മോദിയും അമിത്ഷായും ലോക്‌സഭയിലെത്തിയത്.

ഇതിനിടെ, എഫ്‌സിആര്‍എ ഭേദഗതി ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര നീക്കവും പാളി. ക്രൈസ്തവ സഭകളുടെ എതിര്‍പ്പും, പ്രതിപക്ഷത്തിന്റെ പ്രതിഷേധവും കടുത്തപ്പോള്‍ ആഭ്യന്തര സഹമന്ത്രി ബില്‍ ജെപിസിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഡിഎംകെ ഉള്‍പ്പെടെ കക്ഷികള്‍ ഇന്ത്യ സഖ്യത്തിൽ നിന്ന് അകന്നിട്ടും സർക്കാരിനെ പ്രതിരോധിക്കാനായത് പ്രതിപക്ഷത്തിന്റെ നേട്ടമായാണ് വിലയിരുത്തുന്നത്.

പ്രധാന്റെ രാജി, മോദിയുടെയും അമിത് ഷായുടെയും അസാന്നിധ്യം, സുപ്രധാന ബില്ലുകളുമില്ല; വര്‍ഷകാല സമ്മേളനത്തിന് സമാപനം
മെസി വിവാദം: റിപ്പോർട്ട് ഗൗരവതരം, മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല; ഉചിതമായ അന്വേഷണം പ്രഖ്യാപിക്കും: മുഖ്യമന്ത്രി

12 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ പാസായതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എന്നാല്‍ അത്ര നല്ല സമ്മേളന കാലമായിരുന്നില്ല. 19 ശതമാനമായിരുന്നു ലോക് സഭയുടെ പ്രൊഡക്ടിവിറ്റി, രാജ്യസഭയുടേത് 39 ശതമാനവും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം എന്ന പേരുമാറ്റം, ധാതു ഖനന ബില്‍, എന്‍സിഡിസി ഭേദഗതി ബില്‍, ട്രിബ്യൂണല്‍സ് പരിഷ്കരണ ബില്‍ എന്നിങ്ങനെ ബില്ലുകളാണ് ഈ കാലയളവില്‍ പാസാക്കിയത്. എന്നാല്‍ ഒന്നിലും കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല. വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നിൽ വഴങ്ങേണ്ടി വന്നെങ്കിലും അടുത്ത സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ ഉള്‍പ്പെടെ പാസാക്കാനായിരിക്കും സർക്കാർ ശ്രമിക്കുക.

News Malayalam 24x7
newsmalayalam.com