ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറുടെ അറസ്റ്റിൽ മമതയെ വിമർശിച്ച് പവൻ കല്യാൺ. നിയമ വിദ്യാർഥിയും സോഷ്യല്‍ മീഡിയാ ഇന്‍ഫ്ലുവന്‍സറുമായ ശര്‍മിഷ്ഠ പനോളിയെ അറസ്റ്റ് ചെയ്തതിലാണ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ വിമർശനമുന്നയിച്ചത്.
ശര്‍മിഷ്ഠ വീഡിയോ പിന്‍വലിച്ച് മാപ്പുപറഞ്ഞിട്ടും അവരെ അറസ്റ്റ് ചെയ്ത കൊൽക്കത്ത പൊലീസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സനാതന ധര്‍മത്തെ അധിക്ഷേപിക്കുമ്പോള്‍ എന്തുചെയ്യുകയായിരുന്നെന്ന് പവന്‍ കല്യാണ്‍ ചോദ്യമുന്നയിച്ചു.
തൃണമൂൽ നേതാക്കൾ സനാതന ധർമത്തെ പരിഹസിച്ചപ്പോൾ ദശലക്ഷകണക്കിന് ആളുകൾക്ക് ആഴത്തിലുണ്ടായതും കഠിനവുമായ വേദനയ്ക്ക് ആര് ഉത്തരം പറയും. സനാതന ധർമത്തെ ഗന്ധധർമം എന്ന് വിളിച്ചപ്പോൾ എവിടെയാണ് പ്രതിഷേധം ഉണ്ടായത്?, അവരുടെ ക്ഷമാപണം എവിടെ?, അവരുടെ പെട്ടെന്നുള്ള അറസ്റ്റ് എവിടെ?, പവൻ കല്യാണ ചോദ്യമുയർത്തി.
മതേതരത്വം മതേതരത്വം ചിലർക്ക് പരിചയും മറ്റുള്ളവർക്ക് വാളുമല്ല. പശ്ചിമബംഗാളിലെ പൊലീസിന്റെ പ്രവര്‍ത്തികള്‍ രാജ്യം കാണുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടി നീതിപൂര്‍വം പ്രവര്‍ത്തിക്കണമെന്നും പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടു.
ഓപ്പറേഷന്‍ സിന്ദൂറിനെ പറ്റി അധിക്ഷേപ പരാമർശം നടത്തിയ ശര്‍മിഷ്ഠ, താൻ ചെയ്തത് തെറ്റാണെന്ന് മനസിലായപ്പോൾ ക്ഷമാപണം നടത്തുകയും പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ശര്‍മിഷ്ഠക്കെതിരെ കൊൽക്കത്ത പൊലീസ് പെട്ടെന്ന് തന്നെ കേസെടുത്തു.
മെയ് 14 ന് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ അധിക്ഷേപകരമായ പരമാർശം നടത്തിയെന്നാണ് പൊലീസ് അറിയിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ബോളിവുഡ് നടന്മാർ മൗനം പാലിച്ചുവെന്ന് ആരോപിച്ച് ശർമിഷ്ഠ പനോലി ചില വർഗീയ പരാമർശങ്ങൾ നടത്തിയതായാണ് ആരോപണം.
മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം അധികൃതർ അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊൽക്കത്ത പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, അശാന്തിക്ക് പ്രേരിപ്പിക്കൽ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് ശർമിഷ്ഠ പനോലിക്കെതിരെ കേസെടുത്തത്.