സമരക്കാര്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ഉപയോഗം; നിർദേശം നല്‍കിയത് ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍

സിജെപി സമരം കൈകാര്യം ചെയ്തതിൽ വീഴ്‌ച പറ്റിയെന്ന് ബിജെപി
സമരക്കാര്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ഉപയോഗം; നിർദേശം നല്‍കിയത് ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍
ANI
Published on
Updated on

ഡല്‍ഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനു നേരെ റാപിഡ് ആക്ഷൻ ഫോഴ്‌സ് (ആര്‍എഫ്) പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഡൽഹി പൊലീസിലെ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്നെന്ന് സ്ഥിരീകരണം. പാർലമെന്റ് പൊലീസ് സ്റ്റേഷനിലെ ജിഡി എൻട്രിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദ്യാർഥികളെ നേരിടുന്നതിനായി ഒരു ഡസനിൽ അധികം ആര്‍എഫ് ഉദ്യോഗസ്ഥർക്ക് പെല്ലറ്റ് ഗൺ നൽകിയിരുന്നതായും ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലുണ്ട്.. സിജെപിയുമായി രാത്രി വീണ്ടും ചർച്ച നടത്തിയ കേന്ദ്ര സർക്കാർ ഉറപ്പുകളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ആവർത്തിച്ചു. അതേസമയം വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്നും പ്രശ്നം നീണ്ടു പോയത് സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്നുമാണ് ബിജെപി വിലയിരുത്തൽ.

സിജെപി പ്രതിഷേധത്തെ അടിച്ചമർത്താൻ സുരക്ഷാസേന പെല്ലറ്റ് ഗൺ ഉപയോഗിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ഇരുപതാം തീയതി നടന്ന പാര്‍ലമെന്റ് മാർച്ചിനെ നേരിടാൻ ഒരു ഡസനിൽ അധികം ആർഎഎഫ് ഉദ്യോഗസ്ഥർക്കാണ് പെല്ലറ്റ് തോക്ക് നൽകിയിരുന്നത്. ഉദ്യോഗസ്ഥരിൽ നിന്ന് ഇത് തിരികെ വാങ്ങിയത് ഇരുപത്തിമൂന്നാം തീയതി മാത്രമാണ്. അതായത് പെല്ലറ്റ് ഗൺ ഉപയോഗിച്ചതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വാർത്തയാകുകയും പ്രതിഷേധക്കാരും പ്രതിപക്ഷവും വിഷയം ഏറ്റെടുത്തതിന് ശേഷം മാത്രം.

ഒരു ഉദ്യോഗസ്ഥൻ മാത്രമല്ല, ഒന്നിലധികം ഉദ്യോഗസ്ഥർ പെലറ്റ് ഗൺ ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ പറയുന്നു. വെടിവയ്‌ക്കേണ്ടത് അരയ്ക്ക് താഴെ മാത്രമെന്ന മാർഗനിർദേശം പാലിക്കപ്പെട്ടില്ല എന്നതടക്കം ചട്ടലംഘനം ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. കൊണാട്ട് പ്ളേസിനോട് ചേർന്നുള്ള പാലിക ബസാറിൽ ആണ് ആർഎഎഫ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത് . പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ നിർദേശം നൽകിയിരുന്നില്ല എന്ന ആർഎഎഫ് സംഘത്തെ നയിച്ചിരുന്ന സിആർപിഎഫ് ഇൻസ്‌പെക്ടറുടെ മൊഴിയും റിപ്പോർട്ടിൽ ഉണ്ട് . സിആർപിഎഫ് ഇൻസ്‌പെക്ടറുടെ വാക്കുകൾ ശരിവയ്ക്കുന്നതാണ് പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ ജിഡി വിവരങ്ങൾ. ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്നു ജനറൽ ഡയറിയിൽ വ്യക്തമാകുന്നു.

കേസുകൾ പിൻവലിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ പ്രതിഷേധക്കാർക്ക് എതിരെ ബിഹാറിലും അസമിലും എടുത്ത കേസുകൾ പിൻവലിച്ചു. ഇന്നലെ രാത്രി നടന്ന ചർച്ചയിൽ മറ്റു സംസ്ഥാനങ്ങൾ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന ഉറപ്പും കേന്ദ്രത്തിൽ നിന്ന് സിജെപിക്കു ലഭിച്ചു. പ്രതിഷേധിച്ചവരിൽ ഒരാൾ പോലും ഒറ്റയ്ക്ക് ആകില്ലെന്ന് സിജെപി പ്രതികരിച്ചു..

അതേസമയം, സിജെപി സമരം കൈകാര്യം ചെയ്തതിൽ വീഴ്‌ച പറ്റിയെന്നാണ് ബിജെപി വിലയിരുത്തൽ. ധർമേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റാമെന്ന ഒത്തുതീർപ്പ് നിർദേശമായിരുന്നു കേന്ദ്രം ആദ്യം മുന്നോട്ടുവച്ചത്. വകുപ്പ് മാറ്റി പ്രധാന്റെ മന്ത്രിസഭയിൽ നിലർനിർത്താനായിരുന്നു കേന്ദ്ര നീക്കം. എന്നാൽ ഈ നിർദേശം തുടക്കത്തിൽ തന്നെ നൽകി പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ച ഉണ്ടായി. സമരത്തിന് പിന്തുണ ഏറിയതോടെ മന്ത്രിയുടെ രാജി എന്ന നിലപാടിൽ സിജെപി ഉറച്ചു നിന്നു. പ്രശ്നം നീണ്ടു പോയത് സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയെ ബാധിച്ചെങ്കിലും വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും ബിജെപി വിലയിരുത്തുന്നു..

News Malayalam 24x7
newsmalayalam.com