

ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനു നേരെ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവുമായി ഡിസിപി ഓഫീസിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ധര്‍ണ ആരംഭിച്ചു.
പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റ് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സഹില്‍ ലൊച്ചാബ് എന്ന യുവാവുമായാണ് രാഹുല്‍ ഗാന്ധി ഡിസിപി ഓഫീസിലെത്തിയത്. ആദ്യം മന്ദിർ മാർഗ് പൊലീസ് സ്‌റ്റേഷനില്‍ പോയിരുന്നെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തി ഡിസിപിയുമായി ചർച്ച നടത്തിയത്. പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ലൊച്ചാബിന്റെ കണ്ണുകള്‍ക്കും വയറിനും സാരമായ പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് എയിംസ് ട്രോമ സെന്ററില്‍ ശസ്ത്രക്രിയയും നടത്തിയിരുന്നു. പരാതിയില്‍ കേസെടുക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് വിസമ്മതിച്ചതോടെ, യുവാവിനൊപ്പം രാഹുല്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ ആരംഭിക്കുകയായിരുന്നു.