

ന്യൂഡല്‍ഹി: അരുണാചല്‍ സ്വദേശിയായ യുവതിയെ ചൈനയില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ദിവസമാണ് ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയെ തടഞ്ഞുവെച്ചത്. യുവതിയെ 18 മണിക്കൂറോളം തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
സംഭവം വലിയ ചര്‍ച്ചയായതോടെയാണ് ഇന്ത്യ-ചൈന നയതന്ത്ര ബന്ധം വീണ്ടും വഷളായത്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള യുവതിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വീകരിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അരുണാചല്‍ പ്രദേശ് 'ചൈനീസ് പ്രദേശം' എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.
ഉദ്യോഗസ്ഥരുടെ നടപടി അസംബന്ധവും അസ്വീകാര്യവുമാണെന്ന് ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
അരുണാചല്‍ പ്രദേശില്‍ നിന്നുള്ള പെം വാങ് തോങ്‌ഡോക്ക് എന്ന സ്ത്രീക്കാണ് ചൈനയിലെ എയര്‍പോര്‍ട്ടില്‍ ദുരനുഭവം നേരിട്ടത്. ലണ്ടനില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രയിലായിരുന്നു പെം വാങ്. ഷാങ്ഹായില്‍ അവരുടെ വിമാനത്തിന് മൂന്ന് മണിക്കൂര്‍ ഇടവേളയുണ്ടായിരുന്നു. ഈ സമയത്തായിരുന്നു സംഭവം.
അരുണാചല്‍ പ്രദേശില്‍ ജനിച്ചു എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് ചൈനീസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പെം വാങ്ങിനെ തടഞ്ഞുവെച്ചത്. ഷാങ്ഹായ് എയര്‍പോര്‍ട്ടില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പെം വാങ് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും അവിടെ ജനിച്ച തന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അസാധുവാണെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദമെന്ന് കുറിപ്പില്‍ പറയുന്നു. പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പോസ്റ്റില്‍ ടാഗ് ചെയ്തിരുന്നു.
കുറിപ്പ് വൈറലായതോടെയാണ് ഇന്ത്യ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്.