

ഡൽഹി: പത്ത് ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില മൂന്നാമതും കൂട്ടി. ശനിയാഴ്ച മുതൽ പെട്രോൾ വിലയിൽ 87 പൈസയുടേയും ഡീസലിന് 91 പൈസയുടേയും വർധനയുണ്ടായി. ഡൽഹിയിൽ പെട്രോളിന് ഇപ്പോൾ ലിറ്ററിന് 99.51 രൂപയും ഡീസലിന് 92.49 രൂപയുമാണ് വില. കൊച്ചിയിൽ ഇപ്പോഴത്തെ ഇന്ധന വില പെട്രോളിന് 110.67 രൂപയും ഡീസലിന് വില 99.59 രൂപയുമാണ്.
മെയ് 15ന് ഇന്ധന വില പെട്രോൾ ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചിരുന്നു. തുടർന്ന് മെയ് 19ന് 90 പൈസയും വർധിപ്പിച്ചു. ഇന്നത്തെ വർധന കൂടി പരിഗണിക്കുമ്പോൾ മൊത്തത്തിൽ വില ലിറ്ററിന് ഏകദേശം അഞ്ച് രൂപയായി വർധിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉയർന്ന ഇന്ധന വിലകൾ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ മെയ് 15ന് കണക്കിലെടുക്കാൻ തുടങ്ങിയതോടെയാണ് രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില കൂടിയതാണ് വില വർധനയ്ക്ക് കാരണം.
ഇന്ധന വില വർധന ഉണ്ടായേക്കുമെന്ന സൂചനയെ തുടർന്ന് രാജ്യത്തെ വിവിധ പമ്പുകളിൽ പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. വൻ തിരക്ക് മൂലം പലയിടങ്ങളിലും പമ്പുകൾ അടച്ചിടുക വരെ ചെയ്തു.