ഗുജറാത്ത് അഹമ്മദാബാദ് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗർ പ്രദേശത്ത് ഫോറൻസിക് ക്രോസ് റോഡിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത് എന്നതിനാൽ അപകടസാധ്യത വർധിപ്പിക്കുന്നു.
ടേക്ക് ഓഫ് ചെയ്ത് അൽപസമയത്തിനുള്ളിൽ വിമാനം തകർന്നുവീഴുകയായിരുന്നു. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. അപകടം നടന്ന പ്രദേശത്തെ എല്ലാ റോഡുകളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.
പൊലീസും അഗ്നി സുരക്ഷാസേനയും പ്രാഥമിക രക്ഷാപ്രവർത്തനം നടത്തുകയാണ്. ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൻ്റെ ഇന്ധനടാങ്ക് പൂർണമായും നിറച്ചിരുന്നു. ലണ്ടന്‍ വരെയുള്ള യാത്രയായതിനാല്‍ അധികമായി സ്റ്റോർ ചെയത ഇന്ധനം അപകടത്തിന്‍റെ വ്യാപ്തി വർദ്ധിപ്പിക്കാനുള്ള കാരണമാകുമെന്നും റിപ്പോർട്ടുണ്ട്.
വിമാനത്താവള മതിലിൽ ഇടിച്ച് തീപിടിച്ചതായാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 1.38 ന് പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീണുവെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഫൈസ് അഹമ്മദ് കിദ്വായിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്‌തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പൊലീസ് കമ്മീഷണർ എന്നിവരുമായി അപകടത്തെ കുറിച്ച് സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചു. പരിക്കേറ്റവരെ അലഹബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഈ വിമാനത്തിൽ ഉണ്ടായിരുന്നതായി സൂചനകൾ പുറത്തുവരുന്നുണ്ട്.
അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനം ഇന്ന് രാവിലെയോടെയാണ് ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. വ്യോമയാനമന്ത്രിയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടന്നായിരുന്നു പൈലറ്റിൻ്റെ അവസാന വാക്കുകൾ. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. മൂന്ന് എൻഡിആർഎഫ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ടീമുകളെ എത്തിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. എല്ലാ അടിയന്തര പ്രതികരണ ഏജൻസികളോടും ഏകോപിതമായി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ വൈദ്യസഹായം അടിയന്തരമായി എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വിമാനം പറന്നുയർന്ന ഉടൻ വിമാത്തിൽ നിന്ന് 'മേയ്ഡേ' സന്ദേശം വന്നിരുന്നു. പിന്നാലെ എയർ ട്രാഫിക് കൺട്രോളിൽ നിന്ന് പോയ കോളുകൾക്ക് വിമാനത്തിൽ നിന്ന് പ്രതികരണമുണ്ടായില്ലെന്നുള്ള റിപ്പോർട്ടും പുറത്തുവന്നു.