ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നഗരത്തിലെ ഐടി ഹബ്ബിനെ ബന്ധിപ്പിക്കുന്ന നിരവധി തിരക്കേറിയ ഇടനാഴികളിലെ ഗതാഗതക്കുരുക്ക് പുതിയ മെട്രോ ലൈനിലൂടെ പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ. ഉദ്ഘാടനത്തിന്റെ ഭാഗമായി ആർവി റോഡിൽ (രാഗിഗുഡ്ഡ) നിന്ന് ഇലക്ട്രോണിക് സിറ്റി മെട്രോ സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി യാത്ര നടത്തി. യാത്രക്കിടെ വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു.
7,160 കോടി രൂപയിൽ നിർമ്മിച്ച 19.15 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയിൽ 16 എലിവേറ്റഡ് സ്റ്റേഷനുകളുണ്ട്, കൂടാതെ പ്രതിദിനം എട്ട് ലക്ഷം യാത്രക്കാർക്ക് സേവനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഫോസിസ്, ബയോകോൺ, ടിസിഎസ് തുടങ്ങിയ വൻകിട കമ്പനികൾ സ്ഥിതിചെയ്യുന്ന ഐടി മേഖലയിലേക്ക് സിൽക്ക് ബോർഡ് ജംഗ്ഷൻ, ബിടിഎം ലേഔട്ട്, ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ പ്രധാന ഹബ്ബുകളിൽ നിന്നുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ പുതിയ ലൈൻ സഹായിക്കും.
ഐടി പാർക്കുകളുമായും, നിർമ്മാണ മേഖലകളുമായും സമീപപ്രദേശങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ, നഗരത്തിലെ ഗതാഗതക്കുരുക്ക്, പ്രത്യേകിച്ച് സിൽക്ക് ബോർഡ് ജംഗ്ഷനിലെ തിരക്കുകൾക്ക് പരിഹാരം കാണുകയും അതുവഴി യാത്രക്കാർക്ക് അവരുടെ സമയം ലാഭിക്കുകയും ചെയ്യും. ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള തിരക്കേറിയ യാത്രാ സമയം യെല്ലോ ലൈൻ പകുതിയായി കുറയ്ക്കും, റോഡ് മാർഗം 1.5-2 മണിക്കൂർ എടുക്കുന്നതിൽ നിന്ന് ഏകദേശം 45 മിനിറ്റായി കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
ബെംഗളൂരുവിലെ തെക്കൻ ഗതാഗത ശൃംഖലയിലെ ഒരു "ഗെയിം-ചേഞ്ചർ" എന്നാണ് അധികൃതർ യെല്ലോ ലൈനിനെ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 11 തിങ്കളാഴ്ച മുതൽ മെട്രോ യെല്ലോ ലൈനിൽ സേവനങ്ങൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ രാവിലെ 5:00 നും രാത്രി 11:00 നും ഇടയിൽ ഓരോ 25 മിനിറ്റിലും മൂന്ന് ട്രെയിനുകൾ സർവീസ് നടത്തും. ഈ മാസം അവസാനം കൂടുതൽ ട്രെയിനുകൾ കൂടി വരുന്നതോടെ ആവൃത്തി 20 മിനിറ്റായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലുള്ള നമ്മ മെട്രോ ചാർജുകൾ അനുസരിച്ച് ഒരു വശത്തേക്കുള്ള യാത്രാ നിരക്കുകൾ 10 രൂപ മുതൽ 90 രൂപ വരെയാണ്. ഉദാഹരണത്തിന്, ആർവി റോഡിൽ നിന്ന് ജയദേവയിലേക്കുള്ള യാത്രയ്ക്ക് 10 രൂപയും, ഏറ്റവും ദൈർഘ്യമേറിയ പാതയായ വൈറ്റ്ഫീൽഡ് (പർപ്പിൾ ലൈൻ) മുതൽ ബൊമ്മസാന്ദ്ര (യെല്ലോ ലൈൻ) വരെയുള്ളതിന് 90 രൂപയുമാണ് നിരക്ക്.
യെല്ലോ ലൈൻ സ്റ്റേഷനുകളുടെ പട്ടിക
ആർവി റോഡ് - ഗ്രീൻ ലൈനുമായുള്ള ഇന്റർചേഞ്ച്
രാഗിഗുഡ്ഡ
ജയദേവ ആശുപത്രി - പിങ്ക് ലൈനുമായുള്ള ഭാവി ഇന്റർചേഞ്ച്, ഒരുപക്ഷേ ഏറ്റവും ഉയരം കൂടിയ സ്റ്റേഷൻ
ബിടിഎം ലേഔട്ട്
സെൻട്രൽ സിൽക്ക് ബോർഡ്
എച്ച്എസ്ആർ ലേഔട്ട്
ഓക്സ്ഫോർഡ് കോളേജ്
ഹോങ്കസാന്ദ്ര
കുഡ്‌ലു ഗേറ്റ്
സിംഗസാന്ദ്ര
ഹോസ റോഡ്
ഇലക്ട്രോണിക് സിറ്റി-I
കൊണപ്പന അഗ്രഹാര
ഹുസ്‌കൂർ റോഡ്
ഹെബ്ബഗോഡി
ബൊമ്മസാന്ദ്ര
ബെംഗളൂരു-ബെലഗാവി വന്ദേ ഭാരത് എക്സ്പ്രസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ദക്ഷിണ ബെംഗളൂരുവിലെ 25 ലക്ഷം താമസക്കാർക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ 15,610 കോടി രൂപ ചെലവിൽ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിന് തറക്കല്ലിടുകയും ചെയ്തു. ഇലക്ട്രോണിക്സ് സിറ്റിയിലെ ബെംഗളൂരു കാമ്പസിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലാണ് പരിപാടി നടന്നത്. കർണാടക ഗവർണർ തവാർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ, കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.