
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ വാർഷിക ഉന്നതതല സമ്മേളനത്തിന്റെ പൊതുചർച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. പൊതു ചർച്ചയില്‍ സംസാരിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരില്ല. പകരം, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ചേക്കും.
യുഎൻ പൊതുസഭയുടെ 80-ാമത് സമ്മേളനം സെപ്റ്റംബർ ഒന്‍പതിനാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 23 മുതൽ 29 വരെ ഉന്നതതല പൊതുചർച്ച നടക്കും. പരമ്പരാഗതമായി സെഷനിലെ ആദ്യ പ്രഭാഷകരായ ബ്രസീൽ ചർച്ചകള്‍ക്ക് തുടക്കം കുറിക്കും. തുടർന്ന് യുഎസ് പ്രതിനിധി സംസാരിക്കും. സെപ്റ്റംബർ 23 നാകും യുഎൻജിഎ പോഡിയത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോക നേതാക്കളെ അഭിസംബോധന ചെയ്യുക. പ്രസിഡന്റായി രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രസംഗമാണിത്.
വെള്ളിയാഴ്ച പുറത്തിറക്കിയ 80-ാമത് പൊതുസഭയുടെ ഉന്നതതല പൊതുചർച്ചയ്ക്കുള്ള പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം, ഇന്ത്യയെ ഒരു 'മന്ത്രി'യാകും പ്രതിനിധീകരിക്കുക. സെപ്റ്റംബർ 27ന് ആണ് ഇന്ത്യന്‍ പ്രതിനിധിക്ക് അനുവദിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ ആകും ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നാണ് റിപ്പോർട്ടുകള്‍.
ഇസ്രയേൽ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്മാർ സെപ്റ്റംബർ 26ന് യുഎൻജിഎ പൊതുചർച്ചയെ അഭിസംബോധന ചെയ്യും. ജൂലൈയിൽ പുറത്തിറക്കിയ പ്രഭാഷകരുടെ താൽക്കാലിക പട്ടിക പ്രകാരം, സെപ്റ്റംബർ 26ന് പ്രധാനമന്ത്രി മോദി പൊതുചർച്ചയെ അഭിസംബോധന ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്.
യുഎൻജിഎ പൊതുചർച്ചയ്ക്കുള്ള പ്രഭാഷകരുടെ പട്ടിക താൽക്കാലികമാണ്. സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് ഷെഡ്യൂളുകളിലും പ്രഭാഷകരിലും മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് അനുസരിച്ച് പട്ടിക വീണ്ടം പരിഷ്കരിക്കുകയാണ് പതിവ്.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെയും യുക്രെയ്ൻ സംഘർഷത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ വർഷത്തെ പൊതുചർച്ച നടക്കുന്നത്. 'ഒരുമിച്ച് മെച്ചപ്പെടാം: സമാധാനം, വികസനം, മനുഷ്യാവകാശം എന്നിവയ്ക്കായി 80 വർഷവും അതിലധികവും' എന്നതാണ് ഈ വർഷത്തെ സെഷന്റെ പ്രമേയം.