
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് കാണുമെന്നാണ് അറിയിപ്പ്. എന്തൊക്കെ വിഷയങ്ങളായിരിക്കും പ്രധാനമന്ത്രി സംസാരിക്കുക എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെങ്കിലും ജിഎസ്ടി പരിഷ്‌കരണത്തെക്കുറിച്ചായിരിക്കും സംസാരിക്കുക എന്നാണ് സൂചന.
നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുള്ള ജിഎസ്ടി പരിഷ്‌കരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കേയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 2016 ല്‍ ജിഎസ്ടി നടപ്പിലാക്കയതിനു ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണമാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
ഇതുപ്രകാരം 5, 12, 18, 2 എന്നിങ്ങനെ നികുതി സ്ലാബുകളിലുണ്ടായിരുന്നത് അഞ്ചുശമാനം 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുങ്ങും. നേരത്തെ 12 ശതമാനവും 28 ശതമാനവും നികുതി ചുമത്തിയിരുന്ന ഇനങ്ങളെല്ലാം 5, 18 സ്ലാബിന് കീഴില്‍ വരും.
അതേസമയം, എച്ച്1 ബി വിസ ഫീസ് യുഎസ് കുത്തനെ ഉയര്‍ത്തിയതിനെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിഷയവും പ്രധാനമന്ത്രി സംസാരിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. യുഎസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാകും നടപടി ഏറ്റവും കൂടുതല്‍ ബാധിക്കുക.
2014 ല്‍ അധികാരത്തിലെത്തിയതിനു ശേഷം ചുരുക്കം തവണയാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. 2016 നവംബര്‍ 8 ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് നോട്ട് നിരോധന പ്രഖ്യാപനം വരുന്നത്. ഇതിനു ശേഷം 2019 മാര്‍ച്ച് 12ന് പുല്‍വാമ തീവ്രവാദ ആക്രമണത്തിനു ശേഷമുണ്ടായ ബലാകോട്ട് നടപടികള്‍ വിശദീകരിക്കാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. 2020 മാര്‍ച്ച് 24 ന് കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്തു. 2025 മെയ് 12 നാണ് ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനായിരുന്നു അത്.