രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം-1' ഇന്ന് കുതിച്ചുയരും; ആശംസകളുമായി പ്രധാനമന്ത്രി

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ചരിത്രപരമായ ഒരു പുതിയ മുന്നേറ്റമാണിതെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു
 Vikram-1 Launch
Vikram-1 Launch
Published on
Updated on

ഇന്ത്യയുടെ ബഹിരാകാശ മേഖയിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്ന വിക്രം-1 ൻ്റെ വിക്ഷേപണത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈറൂട്ട് എയറോസ്പേസ് വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ വിക്ഷേപണ വാഹനമാണ് വിക്രം-1. ശനിയാഴ്ച രാവിലെ 11:30-നാണ് റോക്കറ്റിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ചരിത്രപരമായ ഒരു പുതിയ മുന്നേറ്റമാണിതെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. രാജ്യത്തെ യുവാക്കളുടെ പ്രതിഭയും ദൃഢനിശ്ചയവും സംരംഭകത്വ വീര്യവുമാണ് ഈ ദൗത്യത്തിലൂടെ പ്രതിഫലിക്കുന്നത്. ബഹിരാകാശ മേഖലയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ പുതിയ നവീകരണങ്ങൾക്കും സ്വകാര്യ സംരംഭങ്ങൾക്കും വഴിതുറക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

350 കിലോഗ്രാം വരെയുള്ള ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തിലെത്തിക്കാവുന്ന തരത്തിലാണ് റോക്കറ്റിൻ്റെ രൂപകല്‍പന. ആദ്യ പറക്കലിൽ നാല് പേലോഡുകളാണ് വഹിക്കുക. ഭാരം കുറയ്ക്കുന്നതിനായി പൂർണമായും കാർബോ കോമ്പോസിറ്റ് ഘടനയിലാണ് നിർമിച്ചിരിക്കുന്നത്. 3D-പ്രിന്റഡ് എഞ്ചിനുകളും ഉപയോഗിച്ചിട്ടുണ്ട്. 2022 നവംബർ 18-ന് ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ സബ്ഓർബിറ്റൽ റോക്കറ്റായ 'വിക്രം-എസ്' വിജയകരമായി വിക്ഷേപിച്ചതിന് ശേഷം സ്കൈറൂട്ട് എയറോസ്പേസ് നടത്തുന്ന രണ്ടാമത്തെ വലിയ ദൗത്യമാണിത്.

News Malayalam 24x7
newsmalayalam.com