

വാരണാസിയിലെ അസി ഘട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഫോൺ സ്വയം കണ്ടെത്തി മുംബൈയിലെ ടെക്കിയായ സുവതി. സംഭവത്തിൽ വീഴ്ച ആരോപിച്ച് പ്രാദേശിക പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻ ചാർജിനെ സസ്പെൻഡ് ചെയ്തു.
മുംബൈയിലെ ഘാട്‌കോപ്പർ സ്വദേശിയായ അങ്കിത ഗുപ്ത കഴിഞ്ഞയാഴ്ച കുടുംബത്തോടൊപ്പം വാരണാസി സന്ദർശിക്കാൻ പോയപ്പോഴാണ് സംഭവം. അസി ഘട്ടിലെ കനത്ത തിരക്കിനിടയിൽ, ഒരു അജ്ഞാതൻ അവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ആൾക്കൂട്ടത്തിടയിൽ മറയുകയായിരുന്നു. സംഭവത്തെ തുടർന്ന് അങ്കിത പോലീസിൽ പരാതി നൽകി ഔപചാരിക അന്വേഷണം ആരംഭിച്ചെങ്കിലും ഫോൺ കണ്ടെത്താനായില്ല.
തുടർന്ന് അങ്കിത സുഹൃത്തുക്കളുടെ സഹായത്തോടെ ഫോണിൻ്റെ ലൊക്കേഷൻ കണ്ടെത്തുകയും മണ്ടുവാഡി പ്രദേശത്തെ ഒരു വീട്ടിലാണ് ഫോണുള്ളത് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് അവർ വിവരങ്ങൾ പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം സ്ഥലത്ത് റെയ്ഡ് നടത്തി ഗുപ്തയുടെ ഫോൺ കണ്ടെടുത്തതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മോഷ്ടിച്ച മറ്റ് 12 മൊബൈൽ ഫോണുകളും പരിസരത്ത് നിന്നും പിടിച്ചെടുത്തു.
സംഭവത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗൗരവ് കുമാർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ ജനുവരി 4 ന് സസ്‌പെൻഡ് ചെയ്യപ്പെട്ട അസി. പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജിൻ്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.