

ഡൽഹി: രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാരം അതിഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെയോടെ നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരം 384ൽ എത്തിയതോടെ ഡൽഹിയിലെ വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിലാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. മുണ്ട്കയിലാണ് ഏറ്റവും ഉയർന്ന വായുമലിനീകരണ നിരക്ക് രേഖപ്പെടുത്തിയത്. 436 എക്യുഐ ആണ് ഇവിടെ രേഖപ്പെടുത്തിയത്. രോഹിണിയിൽ 432 എക്യുഐ, ആനന്ദ് വിഹാർ 408 എക്യുഐ, ജഹാംഗീർപുരി 420 എക്യുഐ എന്നിങ്ങനെയാണ് വായുമലിനീകരണ നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നോയിഡയിലും സ്ഥിതി അതീവ ഗുരുതരമായാണ് തുടരുന്നത്. 404 എന്ന നിലയിലേക്ക് എക്യുഐ ഉയർന്നതോടെ ഗുരുതരമായ വിഭാഗത്തിലാണ് നോയിഡയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രേറ്റർ നോയിഡയിലും ഗാസിയാബാദിലും 377, 350 എന്ന നിലയിലാണ് വായു നിലവാരം.
സിപിസിബിയുടെ കണക്കനുസരിച്ച് ഡൽഹിയിലെ 39 സ്റ്റേഷനുകളിൽ 19 എണ്ണത്തിലും ഇന്ന് 400ന് മുകളിലാണ് വായു ഗുണനിലവാരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബി ബാഗിൽ 417, ആർകെ പുരം 418, വസീർപൂരിൽ 416, നരേലയിൽ 407 എന്ന നിലയിലും എക്യുഐ രേഖപ്പെടുത്തി. ചാന്ദ്‌നി ചൗക്ക്, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ബുരാരി ക്രോസിംഗ് എന്നിവയുൾപ്പെടെ മറ്റ് പ്രധാന പ്രദേശങ്ങളും 'ഗുരുതര' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
കഴിഞ്ഞദിവസം ഡൽഹിയിൽ കനത്ത പുകമഞ്ഞ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വായു നിലവാരം ഗുരുതരമായ നിലയിലേക്ക് ഉയർന്നത്. ഇന്നലെ 377എക്യുഐ ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച് എക്യുഐ 0 നും 50 നും ഇടയിലാണെങ്കിൽ നല്ലത്, 51-100 'തൃപ്തികരം', 101-200 'മിതമായത്', 201-300 'മോശം', 301-400 'വളരെ മോശം', 401-500 'ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്.