ഡൽഹി: ജില്ലാ ജഡ്ജിക്കെതിരെ ബലാത്സംഗ പരാതി ഉയർന്നതിന് പിന്നാലെ പുതിയ പരാതിയുമായി അഭിഭാഷക. ജഡ്ജിക്കെതിരെ നൽകിയ പരാതി നൽകിയതിന് പിന്നാലെ അത് പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പരാതി പിൻവലിക്കണമെന്നും, കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം തരാമെന്നും ജഡ്‌ജി വാഗ്‌ദാനം ചെയ്തതു. അല്ലാത്ത പക്ഷം സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
ബലാത്സംഗ പരാതി നൽകിയതിന് പിന്നാലെ ഡൽഹി ഹൈക്കോടതിയിലെ ഒരു ജഡ്‌ജിയെ സസ്‌പെൻഡ് ചെയ്യുകയും, മറ്റൊരു ജഡ്‌ജിക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ജില്ലാ ജഡ്ജി സഞ്ജീവ് കുമാർ സിങ്ങിനെയാണ് സസ്പെൻഡ് ചെയ്തത്. അനിൽ കുമാറാണ് നടപടിക്ക് വിധേയനായ മറ്റേ ജഡ്ജി. ഓഡിയോ റെക്കോർഡുകളടക്കം യുവതി തെളിവുകളായി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതാണ് വേഗത്തിൽ നടപടിയെടുക്കുന്നതിന് കാരണമായത്. സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ആരോപണവിധേയരുടെ കീഴിൽ നിയമ ക്ലർക്കായാണ് പരാതിക്കാരി ജോലി ചെയ്തിരുന്നത്. പരാതിക്ക് പിന്നാലെ ജഡ്‌ജിമാരെ ഹൈക്കോടതിയുടെ വിജിലൻസ് കമ്മിറ്റിക്ക് മുമ്പാകെ വിളിപ്പിച്ചിരുന്നു. ഇരുവരും ആദ്യം തെറ്റ് നിഷേധിച്ചെങ്കിലും ഓഡിയോ റെക്കോർഡ് കേൾപ്പിച്ചതോടെ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.