

ഡൽഹി: ബുധനാഴ്ച മുതൽ അമുൽ ബ്രാൻഡിൻ്റെ പുതിയ പാൽ ഉൽപ്പന്നങ്ങളുടെ വില രാജ്യവ്യാപകമായി വർധിക്കും. അമുൽ ബ്രാൻഡിനായി പാലും പാലുൽപ്പന്നങ്ങളും വിൽക്കുന്ന ഗുജറാത്ത് സഹകരണ പാൽ മാർക്കറ്റിംഗ് ഫെഡറേഷൻ (ജി.സി.എം.എം.എഫ്) ആണ് ഈ വിവരം അറിയിച്ചത്. അമുൽ പാൽ വകഭേദങ്ങൾക്ക് വില ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെ വർധിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. നവംബർ 12 മുതൽ വില പ്രാബല്യത്തിൽ വരും.
നവംബർ 12 മുതൽ രാജ്യവ്യാപകമായി അമുൽ ഫ്രഷ് പൗച്ച് പാലിൻ്റെ പ്രധാന വകഭേദങ്ങൾക്ക് ഏകദേശം നാല് ശതമാനം മുതൽ അഞ്ച് ശതമാനം വരെ വില വർധനവ് പ്രഖ്യാപിച്ചതായി ജി.സി.എം.എം.എഫ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി പാൽ ഉത്പാദനം, സംസ്കരണം, പാക്കേജിംഗ് ഫിലിമുകൾ, ഇന്ധന ഗതാഗതം എന്നിവയുടെ ചെലവുകളിൽ കുത്തനെ ഉണ്ടായ വർധനവ് നികത്താൻ ഈ വില വർധനവ് ആവശ്യമാണെന്ന് അമുൽ പറഞ്ഞു. ഉണങ്ങിയതും ഉണങ്ങാത്തതുമായ കാലിത്തീറ്റ, എണ്ണപ്പിണ്ണാക്ക്, ചോളം, മൊളാസസ് തുടങ്ങിയ കന്നുകാലി തീറ്റയുടെ ചേരുവകൾ, പാൽ പാക്കേജിങ് ഫിലിം, ഇന്ധനം എന്നിവയുടെ വിലയിൽ ഈ വർഷം ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് അമുൽ വിലക്കയറ്റത്തിനുള്ള കാരണങ്ങൾ കമ്പനി ചൂണ്ടിക്കാട്ടി.
"ഗുജറാത്തിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും മഴക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം നിലവിലുള്ള വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങളിൽ, നമ്മുടെ ഉൽപ്പാദകർക്ക് മികച്ച വില നൽകുന്നതിനും ഈ ദുഷ്‌ക്കരമായ സമയങ്ങളിൽ അവരെ പിന്തുണയ്ക്കുന്നതിനും വേണ്ടി പാലിൻ്റെ ഉപഭോക്തൃ വില വർധിപ്പിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു," എന്ന് ജി.സി.എം.എം.എഫ് പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ തങ്ങളുടെ അംഗ യൂണിയനുകൾ കർഷകരുടെ സംഭരണ വില 4-5 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും സമാനമായ പരിഷ്കരണം നമ്മുടെ കർഷകരെ കൂടുതൽ പിന്തുണയ്ക്കുമെന്നും അമുൽ പറഞ്ഞു. അമുൽ സഹകരണ ഘടനയിലൂടെ ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന വരുമാനത്തിൻ്റെ 80 ശതമാനവും 36 ലക്ഷം പാൽ ഉൽപാദകർക്ക് തിരികെ നൽകുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. പാൽ ചില്ലറ വിൽപ്പന വിലയിലെ വർധനവിൻ്റെ ഒരു പ്രധാന ഭാഗം പാൽ ഉൽപാദകരിലേക്ക് തിരികെ പോകും. കൂടാതെ പാൽ ഉൽപാദനം വർധിപ്പിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും അമുൽ പറഞ്ഞു.
അമുൽ താസ, അമുൽ ഗോൾഡ്, അമുൽ ശക്തി, അമുൽ ടീ സ്പെഷ്യൽ എന്നിവ ഉൾപ്പെടെയുള്ള പ്രധാന വകഭേദങ്ങളെ ഈ വില പരിഷ്കരണം ബാധിക്കുന്നു. പുതുക്കിയ വില നിർണയഘടന പ്രകാരം, കമ്പനിയുടെ ടോൺഡ് പാൽ ഉൽപ്പന്നമായ അമുൽ താസ ലിറ്ററിന് 2 രൂപ വർധിച്ച് 62 രൂപയായി. ഫുൾ ക്രീം പാലായ അമുൽ ഗോൾഡിന് ഇനി ലിറ്ററിന് 80 രൂപയായിരിക്കും. അതായത് നാലു രൂപയുടെ വർധനയുണ്ടായി.
2026 മെയ് മാസത്തിന് ശേഷം അമുൽ നടത്തുന്ന ആദ്യത്തെ പാൽ വില വർധനയാണിത്. ഡൽഹിയിൽ വ്യാപകമായി പാലും പാലുൽപ്പന്നങ്ങളും വിൽക്കുന്ന മദർ ഡയറി, ഇൻപുട്ട് ചെലവുകളിലെ വർധന കാരണം സമാനമായ വിലക്കയറ്റം പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അമുലിൻ്റെ ഈ പ്രഖ്യാപനം.