''ആ 44,250 വെടിയുണ്ടകൾ കൊണ്ടുപോയത് എങ്ങോട്ട്? ആർക്കു വേണ്ടി?''; ആർഎസ്എസ് മറുപടി നൽകണമെന്ന് പ്രിയങ്ക് ഖാർഗെ

കേസിൽ അറസ്റ്റിലായ പ്രതികൾ ആർഎസ്എസ് യൂണിഫോം ധരിച്ചുനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി
Priyank Kharge on RSS activists arrest with live catridges
Published on: 
Updated on: 

ബെംഗളൂരു: ബിഹാറിലും ഹരിയാനയിലുമായി 44,250 വെടിയുണ്ടകൾ പിടിച്ചെടുത്ത വൻ ആയുധക്കടത്ത് സംഭവത്തിൽ ആർഎസ്എസിനും ബിജെപിക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. കേസിൽ ഉൾപ്പെട്ട പ്രതികളിൽ ചിലർ ആർഎസ്എസ് ഗണവേഷം ധരിച്ച ചിത്രങ്ങൾ പുറത്തുവന്നത് ചൂണ്ടിക്കാട്ടിയാണ് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ സംഘപരിവാർ നേതൃത്വം രാജ്യത്തോട് വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. സാധാരണ ഒരു കുറ്റകൃത്യമായി ഇതിനെ കാണാനാകില്ലെന്നും രാജ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണിതെന്നും എക്‌സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം തുറന്നടിച്ചു.

'ആർഎസ്എസ് ബന്ധമുണ്ടോ?'

ഹരിയാന പോലീസും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും നടത്തിയ സംയുക്ത നീക്കത്തിലാണ് അന്തർസംസ്ഥാന ആയുധക്കടത്ത് റാക്കറ്റ് വലയിലായത്. തുടർന്ന് നടത്തിയ റെയ്ഡുകളിൽ 44,250 വെടിയുണ്ടകൾ പിടിച്ചെടുത്തു. കേസിൽ അറസ്റ്റിലായ പ്രതികൾ ആർഎസ്എസ് യൂണിഫോം ധരിച്ചുനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി. ഇവർ ആർഎസ്എസ് സ്വയംസേവകരാണോ എന്നും സംഘടനയിൽ എന്തെങ്കിലും ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ടോ എന്നും ആർഎസ്എസ് വ്യക്തമാക്കണം. ഇവർക്ക് സംഘടനയുമായി ബന്ധമുണ്ടെങ്കിൽ ഇത്രയും വലിയ തോതിലുള്ള ആയുധക്കടത്തിൽ ഇവരുടെ പങ്കാളിത്തവും ഉദ്ദേശ്യവും എന്തായിരുന്നുവെന്നും ആർക്കുവേണ്ടിയാണ് ഇവർ പ്രവർത്തിച്ചതെന്നും വ്യക്തമാക്കാൻ നേതൃത്വം തയാറാകണമെന്ന് അദ്ദേഹം ആരാഞ്ഞു.

'വൻ തോതിലുള്ള അക്രമങ്ങൾക്ക് ആസൂത്രണം നടന്നു'

വലിയ തോതിലുള്ള അക്രമസംഭവങ്ങൾ നടപ്പാക്കാൻ പര്യാപ്തമായ ഇത്രയധികം ആയുധങ്ങൾ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തണമെന്ന് പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു. സംഘടിത അധോലോക കുറ്റവാളി സംഘങ്ങൾക്കോ തീവ്രവാദ ഗ്രൂപ്പുകൾക്കോ വേണ്ടിയാണോ ഈ വെടിക്കോപ്പുകൾ സമാഹരിച്ചതെന്ന് പരിശോധിക്കപ്പെടണം. പൂനെയിലെ ഖഡ്കി സർക്കാർ വെടിക്കോപ്പ് നിർമാണശാലയുടെ അടയാളങ്ങൾ പതിഞ്ഞ വെടിയുണ്ടകളാണ് പിടിച്ചെടുത്തതെന്ന വിവരങ്ങളുണ്ട്. സർക്കാർ നിർമിത വെടിക്കോപ്പുകൾ എങ്ങനെയാണ് കരിഞ്ചന്തയിലേക്കും നിയമവിരുദ്ധ കൈകളിലേക്കും എത്തിയത്? ലൈസൻസുള്ള ആയുധ വ്യാപാരികളോ ഇടനിലക്കാരോ ഇതിന് പിന്നിലുണ്ടോ എന്നും ഈ കള്ളക്കടത്ത് ശൃംഖല എത്രകാലമായി രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നും പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആർഎസ്എസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യം

മറ്റുള്ളവർക്ക് മുന്നിൽ ദേശീയതയും രാജ്യസ്‌നേഹവും പ്രസംഗിക്കുന്ന ബിജെപിയും ആർഎസ്എസും തങ്ങളുടെ ആളുകൾ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ പൂർണ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. വലിയ ക്രിമിനൽ ആരോപണങ്ങൾ ഉയരുമ്പോൾ മാത്രം ആളുകളെ തള്ളിപ്പറയുന്ന രീതി ആർഎസ്എസ് അവസാനിപ്പിക്കണം. കോടിക്കണക്കിന് പ്രവർത്തകരുണ്ടെന്ന് അവകാശപ്പെടുന്ന ആർഎസ്എസ് കൃത്യമായ അംഗത്വ രേഖകളോടെ ഒരു സംഘടനയായി രജിസ്റ്റർ ചെയ്യണം. സംഘടനയെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് തയാറായാൽ അതിനുള്ള ഫീസ് വ്യക്തിപരമായി അടയ്ക്കാൻ താൻ തയാറാണെന്നും പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു.