

തൃണമൂൽ കോൺഗ്രസ് ഐടി സെൽ മേധാവി പ്രതീക് ജെയിനിൻ്റെ വീട്ടിലും സ്ഥാപനമായ ഐ പാകിൻ്റെ ഓഫീസിലും ഇഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എംപിമാരും. അമിത് ഷായുടെ ഓഫീസിന് മുന്നിലേക്ക് സമാധാനപരമായി ആരംഭിച്ച പ്രതിഷേധം ഒടുവിൽ സംഘർഷഭരിതമായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് നയിച്ചു.
ഡെറക് ഒബ്രയാൻ, സതാബ്ദി റോയ്, മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ തൃണമൂൽ എംപിമാർ അമിത് ഷായുടെ ഓഫീസിന് പുറത്ത് തടിച്ചുകൂടുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഏതാനും മിനിറ്റുകൾക്ക് ശേഷം, ഡൽഹി പൊലീസ് എംപിമാരെ പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് നീക്കി. തെരഞ്ഞെടുക്കപ്പെട്ട എംപിയോട് പൊലീസ് എങ്ങനെയാണ് പെരുമാറുന്നതെന്ന് നിങ്ങൾ കാണുന്നുണ്ടാകുമെന്നും മഹുവ മൊയ്ത്ര പ്രതിഷേധത്തിനിടെ പ്രതികരിച്ചു.
ഇഡി നടപടിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ ഭരണകക്ഷിയിലെ എംപിമാർ ഇന്നലെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പിഎസി കൊൽക്കത്ത ഓഫീസിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.കേന്ദ്രം ഇഡിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഐ-പിഎസി ഓഫീസിൽ നടന്ന ഇഡി റെയ്ഡിൽ മമത ബാനർജി ഇടപെട്ടുവെന്ന് ബിജെപിയും ആരോപണം ഉയർത്തിയിരുന്നു. പരിശോധനയ്ക്കിടെ ഐ-പിഎസി ഡയറക്ടർ പ്രതീക് ജെയിനിൻ്റെ വസതിയിൽ കയറി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള "പ്രധാന തെളിവുകൾ" കൊണ്ടുപോയി എന്നായിരുന്നു ഇഡിയുടെ ആരോപണം. ഈ വർഷം ഏപ്രിലിൽ ബംഗാൾ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ.