ബിജെപിയുടെ ക്രൈസ്തവ പ്രീണനം വോട്ടിന് വേണ്ടിയുള്ള നാടകം, അരമന തോറും കേക്കുമായി കയറിയിറങ്ങുന്നു; കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ ആളിക്കത്തി പ്രതിഷേധം

കന്യാസ്ത്രീയുടെ കുടുംബവുമായി സംസാരിച്ചു. കുടുംബം നല്‍കിയ പ്രതികരണം ഞെട്ടിക്കുന്നതാണെന്നും ജോണ്‍ബ്രിട്ടാസ് എംപി പറഞ്ഞു.
ബിജെപിയുടെ ക്രൈസ്തവ പ്രീണനം വോട്ടിന് വേണ്ടിയുള്ള നാടകം, അരമന തോറും കേക്കുമായി കയറിയിറങ്ങുന്നു; കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ ആളിക്കത്തി പ്രതിഷേധം
Published on

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി യുഎഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍. വിഷയത്തില്‍ മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

സിബിസിഐക്ക് എന്ത് സഹായവും നല്‍കാന്‍ തയ്യാറാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുറേ നാളുകളായി നടക്കുന്ന ക്രൈസ്തവര്‍ക്കെതിരായ അക്രമ പരമ്പരയിലെ ഒരു കണ്ണിമാത്രമാണിത്. കന്യാസ്ത്രീയുടെ കുടുംബവുമായി സംസാരിച്ചു. കുടുംബം നല്‍കിയ പ്രതികരണം ഞെട്ടിക്കുന്നതാണെന്നും ജോണ്‍ബ്രിട്ടാസ് എംപി പറഞ്ഞു.

പെണ്‍കുട്ടികളുടെ പേരുകള്‍ ക്രൈസ്തവ നാമവുമായി ബന്ധപ്പെട്ടതല്ല എന്ന ഒറ്റ കാരണം കൊണ്ടാണ് അറസ്റ്റിലേക്ക് നയിച്ചത്. പെണ്‍കുട്ടികള്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തി. പൊലീസ് അക്രമകാരികളുടെ പക്ഷം പിടിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

ഒരു രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. രേഖകള്‍ മുഴുവന്‍ നല്‍കി, താണു കേണപേക്ഷിച്ചു. ഏത് വിശ്വാസവും ഉയര്‍ത്തിപ്പിടിക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടു. അടിയന്തരമായി നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

അക്രമ പരമ്പര അവസാനിപ്പിക്കണം. ബിജെപി നിലപാട് പറയണം. അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുകയാണ് അവര്‍. മാതാവിന് കിരീടം സമര്‍പ്പിക്കുകയും മുനമ്പത്ത് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നവരുടെയും ഉള്ളിലിരിപ്പ് വെളിപ്പെടുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം നടത്തിയെന്ന് യുഡിഎഫ് എംപിയായ ആന്റോ ആന്റണി പറഞ്ഞു. ഗവണ്‍മെന്റ് പുലര്‍ത്തുന്ന മൗനം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കുള്ള മൗന പിന്തുണ. ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

മാന്യത ഉണ്ടെങ്കില്‍ ഒരു ദിവസം പോലും അവര്‍ ജയിലില്‍ കിടക്കാത്ത രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്ന് ഡീന്‍ കുര്യാക്കോസ് എംപിയും പ്രതികരിച്ചു. ബിജെപിയുടെ ക്രൈസ്തവ പ്രീണനം വോട്ടുകള്‍ക്ക് വേണ്ടിയുള്ള നാടകമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കേക്ക് മിക്‌സിങ് നിര്‍ത്തി ബിജെപി തലയുയര്‍ത്തി ഇക്കാര്യങ്ങള്‍ കാണാന്‍ തയ്യാറാകണമെന്നാണ് ഷാഫി പറമ്പില്‍ എംപിയുടെ ആരോപണം. ബിജെപി പ്രസിഡന്റ് പറയുന്നത് ഒന്ന് സംഭവിച്ചിട്ടില്ല എന്നാണ്. സമൂഹത്തിലെ ഐക്യം തകര്‍ക്കുന്നത് എതിരെ നടപടിയെടുക്കാന്‍ ബിജെപി നേതാക്കള്‍ വാതുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെക്കുകയും ചെയ്തു. ഒരു മണിവരെയാണ് സഭ നിര്‍ത്തിവെച്ചത്. നേരത്തെ 12 മണിവരെ സഭ നിര്‍ത്തിവെച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് വീണ്ടും ഒരു മണിവരെ സഭ നിര്‍ത്തിവെക്കുന്നതായി അറിയിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com