റായ്പൂർ: ഛത്തീസ്ഗഡിൽ വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ വസ്ത്രം പ്രതിഷേധക്കാർ വലിച്ചു കീറുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. റായ്ഗഡിൽ ഖനന വിരുദ്ധ സമരത്തിനിടയിലാണ് അതിക്രമം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 27ന് തമ്നാർ ബ്ലോക്കിൽ കൽക്കരി ഖനന പദ്ധതിക്കെതിരെ 14 ഗ്രാമങ്ങളിലെ താമസക്കാർ നടത്തിയ പ്രതിഷേധം അക്രമാസക്തമായപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച്, വനിതാ കോൺസ്റ്റബിൾ പ്രതിഷേധക്കാർക്കിടയിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് പ്രതിഷേധക്കാർ ചേർന്ന് വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ചത്.
പുറത്തുവന്ന വീഡിയോയിൽ വനിതാ കോൺസ്റ്റബിൾ നിലത്ത് കിടന്ന് കരയുന്നതും അപേക്ഷിക്കുന്നതും കാണാം. രണ്ട് പുരുഷന്മാർ അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി പ്രതിഷേധ സ്ഥലത്ത് എന്തിന് വന്നുവെന്ന് ചോദ്യം ചെയ്യുന്നുണ്ട്. കോൺസ്റ്റബിൾ കൈകൾ കൂപ്പി കരയുന്നതും തന്നെ വിട്ടയക്കാൻ ആവർത്തിച്ച് അപേക്ഷിക്കുന്നുമുണ്ട്. ആക്രമികളിൽ ഒരാൾ വസ്ത്രം വലിച്ചുകീറുന്നതും മറ്റൊരാൾ അതിൻ്റെ വീഡിയോ പകർത്തുന്നതും വീഡിയോയിൽ കാണാം. ചെരുപ്പ് കൊണ്ട് അവരെ അടിക്കാൻ നോക്കുന്നതും അവരെ അധിക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം.
പുറത്തുവന്ന വീഡിയോക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പ്രതികൾക്കെതിരെ ലൈംഗിക പീഡനം, കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബിലാസ്പൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ്, സഞ്ജീവ് ശുക്ല പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.