

മധ്യപ്രദേശിലെ ഉജ്ജയിനിലെ ചരിത്ര പ്രസിദ്ധമായ ഷാഹി മസ്ജിദ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍പ്പാക്കി മധ്യപ്രദേശ് ഹൈക്കോടതി. പള്ളി മുഴുവന്‍ പൊളിക്കില്ല. റോഡ് അതിരിലേക്ക് നിൽക്കുന്ന മൂന്നടി ഭാഗം മാത്രം പൊളിച്ച് നീക്കണം. ഉജ്ജയിൻ കോര്‍പ്പറേഷന്‍ പള്ളിക്ക് നഷ്ടപരിഹാരം നൽകണം. സിംഹസ്ഥ കുംഭമേളയ്ക്കായി റോഡ് വികസിപ്പിക്കൽ അനിവാര്യമാണ്. 10 ക്ഷേത്രങ്ങളക്കം 80 ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നെന്നും കോടതി പറഞ്ഞു. മസ്ജിദ് കമ്മിറ്റിയും മുനിസിപ്പൽ കോർപ്പറേഷനും ഒത്തുതീർപ്പിലെത്തുമെന്ന് അറിയിച്ചതോടെയായിരുന്നു ഹൈക്കോടതി നടപടി.
2028ല്‍ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്കായി റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പള്ളിയുടെ ഒരുഭാഗം പൊളിച്ചു മാറ്റാനുള്ള നീക്കം. തിരക്കേറിയ നഗരമേഖലയില്‍ ഗതാഗതം സുഗമമാക്കുന്നതിനും തീർഥാടകരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനുമായാണ് റോഡ് വീതികൂട്ടുന്നത്. അതിനായി 272 കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ പൊളിക്കണം എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഷാഹി മസ്ജിദിന്റെ മുൻഭാഗവും 120 അടി ഉയരമുള്ള മിനാരവും ഉൾപ്പെടെ ഭാഗങ്ങൾ പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയിരുന്നു. അതനുസരിച്ച് ബൂള്‍ഡോസറുമായി അധികൃതര്‍ എത്തിയതോടെ, നൂറു കണക്കിന് വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ഒരുമിച്ചു കൂടി പ്രതിരോധം തീര്‍ക്കുകയായിരുന്നു. പിന്നാലെ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. പ്രതിഷേധത്തിനിടെ ചിലർ പൊലീസിനു നേരെ കല്ലെറിഞ്ഞതോടെ സ്ഥിതി വഷളായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു, ലാത്തിച്ചാർജും നടത്തി. എന്നാല്‍ പ്രതിഷേധത്തിന് അയവുണ്ടായില്ല. തുടര്‍ന്നാണ് പള്ളി പൊളിക്കുന്നത് നിര്‍ത്തിവച്ചത്.
പൊളിക്കല്‍ നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി മധ്യപ്രദേശ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളി. പ്രതിഷേധത്തെയും സംഘര്‍ഷാവസ്ഥയെയും തുടര്‍ന്ന് ഹര്‍ജി ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയായിരുന്നു. പള്ളിയുടെ ഭാഗം പൊളിച്ചു കൊടുക്കാമെന്ന് മസ്ജിദ് കമ്മിറ്റിയും മുനിസിപ്പൽ കോർപ്പറേഷനും ധാരണയായി എന്ന് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഹർജി കോടതി തീർപ്പാക്കി. എന്നാല്‍ കോടതി നടപടിക്കുശേഷവും വിശ്വാസികളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല. എല്ലാവരെയും അനുനയിപ്പിച്ചശേഷമാകും പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുക.