

ന്യൂഡല്‍ഹി: പൂനെയിലെ കേതന്‍ അഗര്‍വാളിന്റെ കൊലപാതക കേസില്‍ പ്രതിയായ സിയ ഗോയലിനെതിരെ എഫ്‌ഐആറില്‍ ഗുരുതര വിവരങ്ങള്‍. പൂനെയിലെ ഫോര്‍ട്ടിനരികിലേക്ക് പോകുന്നതിന് മുമ്പ് സിയ 'അപ്രതീക്ഷിതമായ വ്യത്യസ്ത സ്വഭാവം' കാണിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കേതനെ സിയയും ആണ്‍ സുഹൃത്ത് ചേതന്‍ ചൗധരിയും ചേര്‍ന്ന് ഒരുമിച്ച് കൊക്കയിലേക്ക് തള്ളിയിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.
സിയ അടുത്ത ദിവസങ്ങളിലായി സാധാരണ ഉള്ളതിനേക്കാള്‍ വ്യത്യസ്തമായി പെരുമാറുന്ന പോലെ തോന്നുവെന്ന് കേതന്‍ കുടുംബത്തോട് പറഞ്ഞതായി പിതാവ് ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നുണ്ട്. സിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നും കേതന്‍ കുടുംബത്തോട് പറഞ്ഞിരുന്നു.
ജൂണ്‍ നാലിന് ലോഹാഗാദ് ഫോര്‍ട്ടിലേക്ക് പോകാൻ ആസൂത്രണം ചെയ്തിരുന്നു. അത് തടസപ്പെട്ടതിന് പിന്നാലെയാണ് അസാധാരണമാം വിധം പെരുമാറിയത്. കേതന്‍ തന്നെ കൊണ്ടു പോകണമെന്ന് നിരന്തരം സിയ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിയ ഗോയല്‍ ജൂണ്‍ 17ന് രാത്രി കേതനെ വാട്‌സ്ആപ്പ് കോളില്‍ വിളിച്ച് തന്റെ പിറന്നാളാണെന്നും അടുത്ത ദിവസം ഫോര്‍ട്ട് കാണാന്‍ പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
കേതന്റെ അമ്മ രാഖി അഗര്‍വാള്‍ ആദ്യം ട്രിപ്പ് പോകുന്നതിനെ എതിര്‍ത്തിരുന്നുവെന്നും പിന്നീട് സിയ തന്നെ കേതന്റെ കുടുംബത്തെ വിളിച്ച് പോകുന്നതിനായി അഭ്യര്‍ഥിക്കുകയായിരുന്നു എന്നും എഫ്‌ഐആറില്‍ പറയുന്നു.
ജൂണ്‍ 18 ന് രാവിലെയാണ് കേതന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. പൂനെയില്‍ നിന്ന് സിയയെും കൂട്ടി. ഫോർട്ടിലേക്ക് പോയി. 10.45ന് സിയ ഗോയല്‍ കേതന്റെ അമ്മയെ വിളിച്ച് കേതന്‍ കൊക്കയിലേക്ക് വീണു പോയെന്ന് അറിയിക്കുകയായിരുന്നു.
പ്രദേശവാസികളും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കേതനെ കണ്ടെത്തുകയും ആശുപത്രിയിൽവച്ച് കേതന്‍ മരിച്ചെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
സിയയുടെ ഫോണ്‍ എപ്പോഴും ബിസിയായിരുന്നു എന്നും ചോദിക്കുമ്പോള്‍ തന്റെ ഒരു സുഹൃത്തായ ചേതന്‍ ചൗധരിയെക്കുറിച്ച് പറഞ്ഞിരുന്നതായും കേതന്റെ കുടുംബം ആരോപിക്കുന്നു. ഇക്കാരണത്താലാണ് ഇരുവരും പ്രണയത്തിലാണോ എന്ന് സംശയിച്ചതെന്നും കുടുംബം ആരോപിക്കുന്നു. കേതന്റെ കൊലപാതകം സിയയും ചേതനും ചേര്‍ന്നാണ് നടത്തിയതെന്നും ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു.