

ന്യൂഡല്‍ഹി: ലോഹഗഡ് കോട്ടയില്‍ പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അശ്ലീല ആംഗ്യം കാണിച്ചു. സിയയുടെ വീട്ടില്‍ നിന്നും പൊലീസിനൊപ്പം ഇറങ്ങുന്നതിനിടെയാണ് സിയ പുറത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചത്.
തെളിവെടുപ്പിന്റെ ഭാഗമായാണ് സിയയെ പൂനെയിലെ വീട്ടിലെത്തിച്ചത്. ഇറങ്ങുമ്പോള്‍ തൂവാല കൊണ്ട് മുഖം മറച്ചാണ് സിയ ഇറങ്ങിയത്. തുടര്‍ന്നാണ് ഇറങ്ങുമ്പോള്‍ മാധ്യങ്ങള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചത്. ഐഎഎന്‍എസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഈ ദൃശ്യം പുറത്തുവിട്ടത്.
കേസില്‍ ആരാണ് കേതനെ തള്ളിയിട്ടത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി പോളിഗ്രാഫ് ടെസ്റ്റിന് പൂനെ പൊലീസ് അനുമതി തേടിയിരുന്നു. നുണ പരിശോധന നടത്തുന്നതിന് സിയ ഗോയല്‍ സമ്മതം നല്‍കിയെന്നും അഭിഭാഷകന്‍ വിപുല്‍ അറിയിച്ചു. കേസില്‍ സിയയ്‌ക്കൊപ്പം പ്രതിയായ ചേതന്‍ ചൗധരിയെയും പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
ജൂണ്‍ 18 ന് പൂനെയ്ക്ക് സമീപമുള്ള ലോഹഗഡ് കോട്ടയില്‍ ഒരു പാറക്കെട്ടില്‍ നിന്ന് താഴേക്ക് തള്ളിയിട്ടാണ് കേതനെ സിയയും കാമുകനും കൊലപ്പെടുത്തിയത്. കേതന്‍ ട്രെക്കിംഗിനിടെ വഴുതി വീണതാണെന്ന് സിയ കുടുംബത്തോട് പറഞ്ഞതിനെ തുടര്‍ന്ന് ആദ്യം അപകട മരണമായി കേസ് രജിസ്റ്റര്‍ ചെയ്തു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി. കൂടാതെ സിയയുടെ മൊഴിയിലെ വൈരുദ്ധ്യവും സംശയത്തിന് കാരണമായി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കോട്ടയിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സിയയെ വീണ്ടും പൊലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.