

പൂനെ: രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ബിഹാര്‍ വോട്ടെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപണം. അഭിഭാഷകയായ പൂനെ സ്വദേശിയായ യുവതയുടെ ചിത്രമാണ് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
പൂനെ സ്വദേശിയായ ഉര്‍മി എന്ന യുവതിയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ താന്‍ ബിഹാറില്‍ വോട്ടു ചെയ്ത ചിത്രം പങ്കുവച്ചത്. 'മോദിഫൈഡ് ഇന്ത്യയ്ക്ക് വോട്ട് ചെയ്തു, ബിഹാറിനായി വോട്ട് ചെയ്യൂ'', എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചത്.
എന്നാല്‍ ചിത്രം പെട്ടെന്ന് തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉര്‍മിയുടെ പഴയ ഫോട്ടോ കുത്തിപ്പൊക്കി. 2024 മെയില്‍ പൂനെയില്‍ ഉര്‍മി വോട്ട് ചെയ്തതിന്റെ ചിത്രമാണ് കോണ്‍ഗ്രസ് പങ്കുവെച്ചത്. 'പൂനെയ്ക്കായി വോട്ട് ചെയ്യൂ, വികസനത്തിന് വേണ്ടി, മികച്ച ഭരണത്തിന് വേണ്ടി, മോദിഫൈഡ് ഇന്ത്യയ്ക്ക് വേണ്ടി വോട്ട് ചെയ്തു,' എന്നായിരുന്നു അന്ന് വോട്ട് ചെയ്തുകൊണ്ട് പങ്കുവെച്ച ചിത്രം.
പിന്നാലെ രാഹുല്‍ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആര ആരോപണങ്ങള്‍ അടക്കം ശരിയാണെന്ന് തെളിയിക്കപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് മഹാരാഷ്ട്ര വക്താവ് അതുല്‍ ലോന്‍ന്ദേ രംഗത്തെത്തി.
'ഞാന്‍ മഹാരാഷ്ട്രയില്‍ ലോക്‌സഭയിലും വോട്ട് ചെയ്യും, ബിഹാറില്‍ നിയമസഭയിലും വോട്ട് ചെയ്യും. ഞാന്‍ മോദിക്ക് വേണ്ടി വോട്ടുകള്‍ മോഷ്ടിക്കും,' എന്നായിരുന്നു അതുലിന്റെ പരിഹാസ പോസ്റ്റ്.
'പല സംസ്ഥാനങ്ങളിലും വോട്ട് ചെയ്യാമെന്നത് പുതിയ സംരംഭമാണ്. ഇന്‍വെസ്റ്റ് ചെയ്യുന്നത് ബിജെപി. പ്രൊഡക്ട് : വ്യാജ വോട്ട്,' എന്നിങ്ങനെയായിരുന്നു കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ രേഷ്മ ആലം പറഞ്ഞത്.
ബിഹാറിലെ ആര്‍ജെഡി വക്താവ് പ്രിയങ്ക ഭാരതി ഇതില്‍ പ്രതികരണവുമായി രംഗത്തെത്തി. '2024ല്‍ മാഡം മഹാരാഷ്ട്രയില്‍ വോട്ട് ചെയ്തു. 2025ല്‍ ബിഹാറിലും. അവര്‍ക്ക് മോദിയുടെ ഇന്ത്യ ഉണ്ടാക്കണമെന്ന് പരസ്യമായി തന്നെ പറയുന്നു. നാണവും അന്തസ്സുമെല്ലാം അവര്‍ വിറ്റു! അവരുടെ മനോനില നോക്കൂ... അവരോട് എന്തെങ്കിലും പറയുമ്പോള്‍ മാഡം പറയും, ഈ സിസ്റ്റം നമ്മുടേതാണെന്ന്. മണ്ണിരകള്‍ പോലത്തെ ബിജെപിക്കാര്‍ക്ക് വേണ്ടിയാണ് ഇവിടെ എല്ലാ സിസ്റ്റവും പ്രവര്‍ത്തിക്കുന്നത്,' പ്രിയങ്ക ഭാരതി പറഞ്ഞു.
സംഭവം വിവാദമായതോടെ താന്‍ ബിഹാറില്‍ വോട്ട് ചെയ്‌തെന്ന് പറഞ്ഞിട്ടില്ലെന്നും ബിഹാറികളെ വോട്ട് ചെയ്യാന്‍ പ്രചോദിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെന്നുമുള്ള വാദങ്ങള്‍ പറഞ്ഞ് ഉര്‍മി രംഗത്തെത്തി.
'ഇത് അവരെ പ്രചോദിപ്പിക്കാന്‍ വേണ്ടി മാത്രം ചെയ്തതാണ്. ഞാന്‍ ഒരിക്കലും ഇന്ന് വോട്ട് ചെയ്തു എന്ന് പറഞ്ഞിട്ടില്ല. വോട്ട് ചെയ്തു എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു എന്നാണ് വിശദീകരണം. അത് മഹാരാഷ്ട്രയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ശാന്തരാകൂ... പ്രചോദിതരായില്ലേ... ഇനി നിങ്ങളുടെ ഊഴമാണ്... പോയി വോട്ട് ചെയ്യൂ,' ഉര്‍മി പറഞ്ഞു.