
ഭുവനേശ്വര്‍: ഒഡീഷയിലെ പുരിയില്‍ ഗുരുതരമായി പൊള്ളലേറ്റ് പതിനഞ്ചുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തീകൊളുത്തിയതാണെന്നായിരുന്നു ആരോപണം. എന്നാല്‍, മകളെ ആരും തീ കൊളുത്തിയതല്ലെന്ന വാദവുമായി പിതാവ് രംഗത്തെത്തി.
പെണ്‍കുട്ടിയുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിലപാടിലാണ് പൊലീസും. മകളുടേത് ആത്മഹത്യയാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും വ്യക്തമാക്കിയുള്ള പിതാവിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കിയതാണെന്നും പിതാവ് പറയുന്നു.
ജുലൈ 19 നാണ് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഭുവനേശ്വര്‍ എയിംസില്‍ പ്രവേശിപ്പിച്ചത്. 75 ശതമാനം പൊള്ളലേറ്റ കുട്ടിയെ പിന്നീട് ഡല്‍ഹി എയിംസിലേക്ക് മാറ്റി. എന്നാല്‍, ആരോഗ്യസ്ഥിതി വഷളായതോടെ ഇന്നലെ രാത്രി പെണ്‍കുട്ടി മരണപ്പെട്ടു.
ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ മരണത്തില്‍ അന്വേഷണം അവസാനഘട്ടത്തിലെത്തിയതായും ആര്‍ക്കും പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നും വ്യക്തമാക്കി പൊലീസ് വ്യക്തമാക്കിയത്. മകളുടെ മരണത്തില്‍ വിവാദങ്ങളുണ്ടാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി പിന്നാലെ പിതാവും രംഗത്തെത്തി.
മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്നും മകള്‍ നേരിട്ട മാനസികാഘാതം വളരെ വലുതായിരുന്നുവെന്നുമാണ് പുറത്തു വന്ന വീഡിയോയില്‍ പിതാവ് പറയുന്നത്. വിഷയം രാഷ്ട്രീയ പ്രശ്‌നമാക്കരുതെന്നും തങ്ങള്‍ക്ക് മകളെ നഷ്ടമായെന്നും പിതാവ് പറയുന്നുണ്ട്. അതേസമയം, എന്ത് മാനസികാഘാതമാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.
ജുലൈ 19 ന് പുരി ജില്ലയിലെ ബലംഗയില്‍ പതിനഞ്ചുകാരി തീകൊളുത്തപ്പെട്ടത്. മകളെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി തീകൊളുത്തിയെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞിരുന്നത്. മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തീകൊളുത്തിയതായി ദൃക്‌സാക്ഷി മൊഴികളുമുണ്ടായിരുന്നു. നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
തീ പിടിച്ച പെണ്‍കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതായാണ് ദൃക്‌സാക്ഷി മൊഴി. പെണ്‍കുട്ടിയുടെ കൈകള്‍ കെട്ടിയ നിലയിലായിരുന്നുവെന്നും താനും ഭാര്യയും മകളും ചേര്‍ന്നാണ് തീ അണച്ച് കുട്ടിയെ പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചതെന്നും ദൃക്‌സാക്ഷി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് പേര്‍ രണ്ട് ബൈക്കുകളില്‍ തന്നെ തട്ടിക്കൊണ്ടു വന്നതായും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്ന് പെണ്‍കുട്ടി പറഞ്ഞതായും ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു.