കർണാടകയിലെ വോട്ടുകൊള്ളയുടെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പങ്കുവെക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർ പട്ടിക പരിശോധിക്കുമ്പോൾ ഒറ്റ അഡ്രസില്‍ കുറേ വോട്ടര്‍മാര്‍ ഉള്ളതായി കാണപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പറയുന്നു. ഹൗസ് നമ്പര്‍ 35 എന്നത് ഒറ്റ മുറി വീടാണ്. എന്നാൽ, ആ വിലാസത്തിലുള്ളത് 80 വോട്ടര്‍മാരാണ്. അതുപോലെ ഹൗസ് നമ്പര്‍ 791. അതും ഒറ്റ മുറി വീടാണ്. ആ വിലാസത്തിലുള്ളത് 46 വോട്ടര്‍മാർ. ഇതെന്താ പ്രധാനമന്ത്രി വോട്ടര്‍ ആവാസ് യോജനയോയെന്ന് പരിഹസിച്ച് രാഹുല്‍ ഗാന്ധി ചോദിക്കുന്നു.
ഇത്തരത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ രാഹുൽ ഗാന്ധി ഇന്ന് പുറത്തുവിട്ടത്. ഒരു ബ്രൂവറിയുടെ വിലാസത്തിൽ മാത്രം 68 വോട്ടാണ് ചേർത്തത്. അന്വേഷിച്ച് ചെന്നപ്പോൾ അവിടെ ആരുമില്ല. ഇത്തരത്തില്‍ വ്യാജ, അസാധുവായ വിലാസങ്ങളിലുള്ളത് 40,009 പേര്‍. നിലവില്‍ ഇല്ലാത്ത അഡ്രഡ്, പൂജ്യം, അല്ലെങ്കില്‍ ഹാഷ്, ഹൈഫന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയവ, സ്ഥിരീകരിക്കാന്‍ പറ്റാത്ത വിധമുള്ള വിലാസം എന്നിവയാണ് വ്യാജ അഡ്രസിന് കീഴിലുള്ളത്.
4132 വോട്ടർമാർക്ക് പട്ടികയിൽ ഫോട്ടോയില്ല. ഒരു ഫോട്ടോ തന്നെ ചെറുതാക്കിയോ, മാറ്റിയെടുത്തോ ഉപയോഗിച്ചതായുള്ള വോട്ടർമാരും പട്ടികയിലുണ്ട്. കന്നിവോട്ടര്‍മാര്‍ക്കുള്ള ഫോം 6 ദുരുപയോഗം ചെയ്തത് വഴിയുള്ളത് 33,692 വോട്ടര്‍മാരാണ്. 70 പിന്നിട്ടവര്‍ പോലും ഇത്തരത്തില്‍ കന്നി വോട്ടര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ കൊള്ളയടിച്ചത് ഒരു ലക്ഷത്തിലധികം വോട്ടുകളാണ്. മഹാദേവപുര മണ്ഡലത്തില്‍ ആകെ വോട്ടുകള്‍ 6.5 ലക്ഷം, അതില്‍ 1,00,250 വോട്ടുകള്‍ കവര്‍ന്നുവെന്ന് രാഹുൽ ഗാന്ധി പറയുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വൻ വോട്ടുകൊള്ള നടത്തിയെന്ന വൻ വെളിപ്പെടുത്താലാണ് ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയത്. തെളിവുകൾ സഹിതമാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. തെരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരവും, സര്‍ക്കാരിന്റെ വീഴ്ചകളും പ്രതിഫലിക്കുന്നില്ല. എക്സിറ്റ് പോളും, അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നതിന് വിപരീതമായാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതെന്നും തുടങ്ങിയ സംശയങ്ങളാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് കോൺഗ്രസിനെ കൊണ്ടെത്തിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.