ഡല്‍ഹി: രാം ലീല മൈതാനത്ത് കാണുന്നത് ഇന്ത്യയുടെ ജനങ്ങളുടെ ശബ്ദമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കാന്‍ സമ്മതിക്കില്ലെന്നും രാഹുല്‍ ചലോ ദില്ലി റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു. രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. എത്ര പണവും അധികാരവും ഉണ്ടെങ്കിലും ആരും ഭരണഘടനയ്ക്ക് മുകളില്‍ അല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 15% വോട്ടര്‍മാരെയാണ് പുറത്താക്കിയത്. ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിന്ന് പുറത്തുപോകും. ഈ കുറ്റങ്ങള്‍ക്ക് ജനങ്ങളുടെ ശബ്ദമാണ് മോഷ്ടിക്കപ്പെട്ടത്. ഇത് രാജ്യദ്രോഹക്കുറ്റമാണെന്നും രാഹുല്‍ പറഞ്ഞു.
മോഷണം നടന്നില്ലായിരുന്നെങ്കില്‍ മോദി പ്രധാനമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയും ആകുമായിരുന്നില്ല. രാജ്യത്തെ കര്‍ഷകരും യുവാക്കളും അനുഭവിക്കേണ്ട സമ്പത്ത് മുഴുവന്‍ അദാനിയുടെയും അംബാനിയുടെയും കൈകളില്‍ എത്തുകയാണ്. ഗ്യാനേഷ് കുമാറിന് പിന്നാലെ മോദിക്കും അമിത് ഷായ്ക്കും നേരെയായിരിക്കും പോരാട്ടം എന്നും ആരെയും ഓടിയൊളിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വോട്ട് മോഷണത്തിന് നിങ്ങള്‍ മറുപടി പറയേണ്ടി വരും. ഇന്ത്യയുടെ ആത്മാവിനെ മോദിയും ഷായും ആക്രമിച്ചു അത് ക്ഷമിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറല്ല, ഗ്യാനേഷ് കുമാറിന് ഭയം മൂലം രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. അത്ര വലിയ കുറ്റമാണ് അദ്ദേഹം ചെയ്തത്. അമിത് ഷായും നരേന്ദ്ര മോദിയും സമാധാനത്തോടെ ഉറങ്ങുന്നില്ല എന്നതാണ് സത്യം എന്നും അദ്ദേഹം പറഞ്ഞു.
എസ്ഐആറിന്റെ ഇരയാണ് ബംഗാള്‍ എന്ന് മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. സോണിയ ഗാന്ധിയെ നോതാവായും രാഹുല്‍ ഗാന്ധിയും യുവ നേതാവായും ഉയര്‍ത്തിക്കാണിച്ച മമത ഈ സമരം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും സമരം തുടരുമെന്നും പറഞ്ഞു.
'ഈ സമരം ഒരിക്കലും നമ്മള് വിട്ടുകളയുകയില്ല, നമ്മള് സമരം ചെയ്യുക തന്നെ ചെയ്യും. ബംഗാളിനെ അവര്‍ കൊള്ളയടിച്ചു. ഇന്ന് നമ്മള് ഡല്‍ഹിയിലാണ്.... നമ്മള് ജനാധിപത്യം സംരക്ഷിക്കും, ബിജെപി പോകും, പോകും, പോകും....,' മമത ബാനര്‍ജി പറഞ്ഞു.
ബംഗാള്‍ ജനാധിപത്യം മോഷ്ടിച്ചവരെ ഡല്‍ഹിയെ മോഷ്ടിക്കാന്‍ അനുവദിക്കില്ല. എസ്ഐആറിലൂടെ വോട്ട് ചോരി മാത്രമല്ല വോട്ടെണ്ണുന്ന സംവിധാനവും മോഷ്ടിക്കപ്പെട്ടുവെന്നും മമത കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വോട്ടും ജനാധിപത്യവും സമ്പത്തും വിശ്വാസങ്ങളും എല്ലാം ബിജെപി മോഷ്ടിച്ചു. ഈ ബിജെപി ഭരണത്തില്‍ നിന്ന് പുറത്തുപോകും. ഗ്യാനേഷ് വാനിഷ് ആകുമെന്നും മമത പറഞ്ഞു.
രാജ്യ തലസ്ഥാനത്തെ ജനനിബിഡമാക്കിയായിരുന്നു ഇന്‍ഡ്യ സഖ്യത്തിന്റെ ചലോ ദില്ലി മഹാ റാലി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നിന്ന് തുറന്ന വാഹനത്തിലാണ് രാഹുല്‍ ഗാന്ധിയുടെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും നേതൃത്വത്തില്‍ കൊണാട്ട് പ്ലേസിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് കൊണാട്ട് പ്ലേസില്‍ നിന്ന് മഹാറാലി രൂപപ്പെട്ട് രാംലീല മൈതാനത്തേക്ക് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. ലക്ഷക്കണക്കിന് പേര് തെരുവിലേക്ക് ഇറങ്ങിയതോടെ കനത്ത സുരക്ഷാ വലയമാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയത്.
സോണിയ ഗാന്ധി, മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, എം.എ. ബേബി, ഫാറുഖ് അബ്ദുള്ള, സുപ്രിയ സുലെ, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം വേദിയില്‍ അണിനിരന്നു. അവരുടെ വാക്കുകള്‍ കേള്‍ക്കാനായി ദേശീയപതാകയുമേന്തി ജനലക്ഷങ്ങളാണ് മൈതാനിയില്‍ തടിച്ചുകൂടി നില്‍ക്കുന്നത്.