ഡൽഹി: പാർലമെൻ്റിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഇന്ത്യ-പാക് സംഘർഷത്തിൽ ട്രംപിൻ്റെ മധ്യസ്ഥത കള്ളമെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു രാഹുൽ ഗാന്ധി ചോദ്യമുന്നയിച്ചത്.
29 തവണയാണ് വെടിനിർത്താൻ ഇടപെട്ടെന്ന് ട്രംപ് പറഞ്ഞത്. ട്രംപ് കള്ളം പറയുകയാണെന്ന് എന്തുകൊണ്ട് മോദി പറയുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ട്രംപ് പറയുന്നത് നുണയാണെങ്കിൽ മൗനം വെടിയാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെൻ്റിനെ പ്രധാനമന്ത്രി കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു രാജ്യവും പാകിസ്ഥാൻ്റെ നടപടിയെ അപലപിച്ചില്ല. എല്ലാവരും ഇന്ത്യയെയും പാകിസ്താനെയും തുല്യമായി കാണുകയാണ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യക്കുണ്ടായ നഷ്ടങ്ങൾക്ക് ഉത്തരവാദി കേന്ദ്ര സർക്കാറെന്ന് രാഹുൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിന് ഒരു കാര്യത്തിലും ധാരണയുണ്ടായിരുന്നില്ല. പോരാടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് കേന്ദ്ര സർക്കാർ തെളിയിച്ചുവെന്നും രാഹുൽ പറഞ്ഞു.
എങ്ങനെയാണ് വിജയിച്ചെന്ന് സർക്കാറിന് അവകാശപ്പെടാൻ സാധിക്കുന്നത് ?ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം പ്രധാനമന്ത്രിയെ സംരക്ഷിക്കുക എന്നതായിരുന്നു എന്നും സഭയിൽ വ്യക്തമാക്കി.