
2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിൽ എങ്ങനെ കബളിപ്പിക്കാമെന്നതിന്റെ രൂപരേഖയാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പെന്ന് രാഹുൽ ആരോപിച്ചു. അഞ്ചുഘട്ട പദ്ധതി ആവിഷ്കരിച്ചാണ് ബിജെപി കൃത്രിമം നടത്തിയതെന്നും രാഹുൽ പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ ക്രമക്കേടിന്റെ ചിത്രം വലുതാണെന്ന് വ്യക്തമാക്കിയാണ് രാഹുൽ ആരോപണം ശക്തമാക്കിയിരിക്കുന്നത്. അഞ്ച് ഘട്ടങ്ങളായി ബിജെപി നടത്തിയ അട്ടിമറിയുടേയും ഒത്തുകളിയുടേയും വിശദാംശങ്ങൾ ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിലൂടെയും എക്സിലൂടെയുമാണ് രാഹുൽ പങ്കുവെച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പാനലിനെ നിയമിക്കുന്നതിൽ ബിജെപി അട്ടിമറി നടത്തി, വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർത്തു, വോട്ടർമാരുടെ എണ്ണം വർധിപ്പിച്ചു, ബിജെപിക്ക് വിജയിക്കേണ്ട ഇടങ്ങളിൽ വ്യാജ വോട്ടിങ്, തെളിവുകൾ മറയ്ക്കുക തുടങ്ങിയവയാണ് പ്രതിപക്ഷ നേതാവ് സൂചിപ്പിക്കുന്ന ഘട്ടങ്ങൾ. ഇത്രയും ഘട്ടങ്ങൾ നടപ്പാക്കിയാണ് ബിജെപിയുടെ മഹായുതി സഖ്യം 235 സീറ്റുകളോടെ നിർണായക വിജയം സ്വന്തമാക്കിയതെന്നും രാഹുൽ പറയുന്നു.
ഒത്തുകളിക്ക് സമാനമായ തട്ടിപ്പിലൂടെ ബിജെപി വിജയിച്ചതിൽ അത്ഭുതമില്ല. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനടക്കമുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ് ഇല്ലാതാകാകുന്നതെന്നും രാഹുൽ ഓർമിപ്പിച്ചു. എല്ലാ ഇന്ത്യക്കാരും ഈ തെളിവുകൾ സ്വയം വിലയിരുത്തണം. ബിജെപിയുടെ ഒത്തുകളി മഹാരാഷ്ട്രയിൽ ഒതുങ്ങില്ലെന്നും ഇനി നടപ്പാക്കാൻ പോകുന്നത് ബിഹാറിലാണെന്നും രാഹുൽ ആരോപിച്ചു.
അതേസമയം, രാഹുലിന്റെ ആരോപണം തള്ളി ബിജെപി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കൃത്രിമ ആരോപണം ഇലക്ഷൻ കമ്മീഷൻ തള്ളിയതാണെന്നും എന്നിട്ടും അവിശ്വാസം ആരോപിക്കുന്ന രാഹുലിന്റെ നടപടി രാഷ്ട്രീയനീക്കമാണെന്നും ബിജെപിയും ആരോപിച്ചു.