

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായുള്ള അത്താഴ വിരുന്നിന് രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഖയേയും ക്ഷണിക്കാതെ കേന്ദ്ര സർക്കാർ .അതേസമയം, കോൺഗ്രസ് എം പി ശശി തരൂരിന് കൂടിക്കാഴ്ചയ്ക്ക് ക്ഷണമുണ്ട്. രാഷ്ട്രപതി ഭവനിലാണ് പുടിനായി അത്താഴ വിരുന്ന് ഒരുക്കിയത്.
വിദേശ വിശിഷ്ടാതിഥികൾ രാജ്യത്ത് സന്ദർശനം നടത്തുമ്പോൾ പ്രതിപക്ഷ നേതാക്കൾക്ക് അവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നൽകുന്ന പാരമ്പര്യം മോദി സർക്കാർ പൂർണമായും ലംഘിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സർക്കാർ മാത്രമല്ല പ്രതിപക്ഷം കൂടിയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സർക്കാരിൻ്റെ അരക്ഷിതാവസ്ഥയാണ് നടപടിക്ക് പിന്നിലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
വിദേശകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ എന്ന നിലയിലാണ് തനിക്ക് ക്ഷണം ലഭിച്ചതെന്നാണ് തരൂർ പറഞ്ഞത്. വിരുന്നിൽ പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനേയോ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷനേയൊ ക്ഷണിക്കാത്തതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു തരൂരിൻ്റെ പ്രതികരണം.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനായി ഇന്ന് രാഷ്ട്രപതി ഭവനിൽ ഒരുക്കുന്ന അത്താഴവിരുന്നിനുള്ള വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ശക്തമായ ബന്ധം വ്യക്തമാക്കുന്ന വിരുന്നിലേക്ക് രാഷ്ട്രീയം, ബിസിനസ്സ്, സംസ്കാരികം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.