

തെലങ്കാന: ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് സാമൂഹ്യ സുരക്ഷയും, ഇൻഷുറൻസ് പരിരക്ഷയും ഉറപ്പു വരുത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി രേവന്ത് റെഡിയും. 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ഉൾപ്പെടെ 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, വൈഫൈ സൗകര്യമുള്ള വിശ്രമ ഇടങ്ങൾ, ഓരോ ഇടപാടിൻ്റെയും ഒരു ശതമാനം സാമൂഹ്യ സുരക്ഷക്കായി മാറ്റി വെയ്കുന്ന സംവിധാനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
തെലങ്കാന കോൺഗ്രസ് സർക്കാർ ഈ വാഗ്ധാനം നിറവേറ്റുമെന്ന് ഡെലിവറി ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്ഫോം അധിഷ്ഠിത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെ സംരക്ഷിക്കുമെന്നും അവരുടെ അധ്വാനത്തിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ന്യായമായ വിഹിതം അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി. ജീവനക്കാർ നേരിടുന്ന പ്രതിസന്ധികൾ മുൻപ് അവരുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അത് നിറവേറ്റിയെന്നും രാഹുൽ പറഞ്ഞു.
ഇതുവരെയും ജീവനക്കാർ ജോലി ചെയ്യുന്ന മണിക്കൂറുകളോ, അവർക്ക് ലഭിച്ചുകൊണ്ടിരുന്ന വേതനത്തിൻ്റെ വിവരങ്ങളോ അടങ്ങിയ വിശ്വസനീയമായ രേഖകൾ ഉണ്ടായിരുന്നില്ല. പുതിയ പദ്ധതി പ്രകാരം അത്തരം സമഗ്രമായ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നത് സാധ്യമാക്കും. ഡെലിവറികൾ, ജോലി സമയം, വരുമാനം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ അവരുടെ മൊബൈൽ ഫോണുകൾ വഴി നേരിട്ട് ആക്‌സസ് ചെയ്യാൻ സാധിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് നിലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹറുവിൻ്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ഈ പദ്ധതി ജീവനക്കാർക്കായി സമർപ്പിക്കുന്നതെന്ന് രേവന്ത് റെഡി പറഞ്ഞു. തൊഴിലാളികൾക്കായി ഒരു സമർപ്പിത ബോർഡ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിലൂടെ അവർക്ക് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഈ നിയമനിർമ്മാണം അവർക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്നും ഉറപ്പു നൽകി.