വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയ്ക്ക് ബിഹാറിൽ തുടക്കമായി. 23 ജില്ലകളിലൂടെ 1300 കിലോമീറ്ററിലധികം റാലി നടത്തും. 16 ദിവസം നീളുന്ന യാത്ര സെപ്റ്റംബർ ഒന്നിന് പട്‌നയിൽ വൻറാലിയോടെയാണ് സമാപിക്കുക.
"6 ദിവസം. 20ലധികം ജില്ലകൾ. 1,300ലധികം കിലോമീറ്റർ. വോട്ടർ അധികാർ യാത്രയുമായി ജനങ്ങൾക്കിടയിലേക്ക് ഞങ്ങൾ വരുന്നു," രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഏറ്റവും അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ 'ഒരു വ്യക്തി, ഒരു വോട്ട്' സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാൻ ബീഹാറിൽ ഞങ്ങളോടൊപ്പം ചേരൂവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ഈ യാത്രയെന്ന് പാർട്ടി വക്താവ് പവൻ ഖേര മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ടാഴ്ച കൊണ്ട് ബീഹാറിലെ 30 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര. ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ മേഖകളിലൂടെ വോട്ട് അധികാര്‍ യാത്ര കടന്നുപോകും. അറയില്‍ ഈ മാസം 30ാം തിയതിയാണ് യാത്ര സമാപിക്കുക. സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലി സംഘടിപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അധികാർ റാലിയിൽ പങ്കെടുക്കും.
അതേസമയം, രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ മറുപടി പറയാൻ ഒരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമക്കേട് ആക്ഷേപത്തിൽ വൈകിട്ട് മൂന്ന് മണിക്ക് കമ്മീഷൻ വാർത്താ സമ്മേളനം നടത്തും.