

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തുന്ന സമരത്തിന്റെ മുഖം മാറുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് അടിച്ചമര്‍ത്തിയതിനു പിന്നാലെ, സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും തെരുവിലിറങ്ങി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, എംപിമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. റോഡില്‍ കുത്തിയിരുന്നാണ് സമരം. വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജിവയ്ക്കണമെന്നാണ് ആവശ്യം. പ്രതിഷേധം കനത്തതോടെ, ഏതാനും നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിട്ടുണ്ട്.
ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം തുടരുന്ന സിജെപി പ്രവര്‍ത്തകര്‍, വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്നലെ പാര്‍ലമെന്റിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, മാര്‍ച്ചിന് അനുമതി ലഭിച്ചില്ല. ജന്തര്‍മന്തറില്‍ നിന്നാരംഭിച്ച മാര്‍ച്ച്, ബാരിക്കേഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പൊലീസും സേനയും തടഞ്ഞിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തകര്‍ മുന്നോട്ടുപോയതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. സമരത്തെ അടിച്ചമര്‍ത്താനുള്ള സേനയുടെ ശ്രമത്തില്‍ സിജെപി പ്രവര്‍ത്തകര്‍ക്ക് സാരമായ പരിക്കുമേറ്റിരുന്നു. പരിക്കേറ്റവര്‍ ആർ.എം.എൽ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് ജന്തര്‍മന്തറിലെ സമരപ്പന്തലിലെത്തിയ രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് പിന്തുണയറിച്ചു. സമരവേദിയില്‍ സിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചു. പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. 'വിദ്യാര്‍ഥികള്‍ക്കെതിരായ ക്രൂരതകള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് മറുപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. ഇന്ത്യന്‍ യുവാക്കളുടെ ഭാവി നശിപ്പിച്ചതിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവയ്ക്കണമെന്നും' രാഹുല്‍ എക്സില്‍ കുറിച്ചിരുന്നു. പാർലമെന്റിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് പരസ്യ പ്രതിഷേധത്തിന് തുടക്കമിട്ടത്.