രാജ്യത്തിൻ്റെ ഏറ്റവും വിശ്വസനീയ ബ്രാൻഡ് പടുത്തുയർത്തിയ രത്തൻ ടാറ്റ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം പിന്നിടുന്നു. രത്തൻ ടാറ്റയുടെ മരണശേഷം അദ്ദേഹത്തിൻ്റെ സാമ്രാജ്യം ടാറ്റ ഗ്രൂപ്പിൽ ഇന്ന് എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ പരിതാപകരമെന്ന് പറയേണ്ടി വരും. രത്തൻ ടാറ്റയുടെ മരണശേഷം അധികാരവടംവലിയുടേയും ഭിന്നതയുടേയും വേദിയായി ടാറ്റ സൺസിൻ്റെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള ടാറ്റ ട്രസ്റ്റ് മാറി.
എല്ലാവരെയും ഒരുമിപ്പിച്ച് നിർത്താൻ തൻ്റെ പ്രത്യേക സ്വാധീനമുപയോഗിച്ച് രത്തൻ ടാറ്റയ്ക്ക് സാധിക്കുമായിരുന്നു. എന്നാൽ, അദ്ദേഹത്തിൻ്റെ മരണശേഷം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രത്തൻ ടാറ്റയുടെ അർധസഹോദരനും ട്രസ്റ്റ് ചെയർമാനുമായ നോയൽ ടാറ്റ ഗ്രൂപ്പിൽ നിയന്ത്രണം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. ട്രസ്റ്റിൽ നോയൽ ടാറ്റയ്ക്ക് നേരിട്ട് തീരുമാനങ്ങളെടുക്കാൻ സാധിക്കുമായിരുന്നില്ല. മറ്റ് ട്രസ്റ്റിമാരുടെ കൂടെ നിലപാട് തീരുമാനമെടുക്കുന്നതിൽ നിർണായകമായിരുന്നു. എന്നാൽ നോയലിൻ്റെ തീരുമാനങ്ങളിൽ മറ്റ് ട്രസ്റ്റിമാർക്ക് അതൃപ്തിയുള്ളതായാണ് റിപ്പോർട്ട്. നോയൽ ടാറ്റയുടെ കീഴിലുള്ള ട്രസ്റ്റിമാരും ടാറ്റ സൺസിൽ 18.37% ഓഹരി പങ്കാളിത്തമുള്ള ഷപ്പൂർജി പല്ലോൻജി കുടുംബത്തിലെ മെഹ്‌ലി മേസ്ത്രി നയിക്കുന്ന ട്രസ്റ്റികളും തമ്മിലാണ് പ്രധാനമായും ഭിന്നത. പ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ മാറ്റി നിർത്തുന്നു, ബോർഡ് ഓഫ് ഡയറക്ടേഴ്സ് എടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങൾ പങ്കുവെക്കുന്നില്ല എന്നിങ്ങനെയാണ് അവരുടെ ഭാഗം.
സെപ്റ്റംബർ 11ന് നടന്ന ട്രസ്റ്റ് യോഗത്തിൽ മുൻ പ്രതിരോധ സെക്രട്ടറി വിജയ് സിങ്ങിനെ നോയൽ ടാറ്റയുടെയും വേണു ശ്രീനിവാസൻ്റെയും എതിർപ്പിനെ മറികടന്ന് മെഹ്‌ലി മിസ്ട്രി ഗ്രൂപ്പ് ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായും മെഹ്‌ലി മിസ്ട്രിയെ സ്ഥാനത്ത് നിയമിച്ചതായും തരത്തിലുള്ള വാർത്തകളുണ്ട്. എന്നാൽ, വിജയ് സിങ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയിട്ടുണ്ട്. വേണു ശ്രീനിവാസൻ്റെ പുനർനിയമനവും പരിഗണനയിലാണ്. ഭിന്നത രൂക്ഷമായതോടെ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അടുത്തിടെ മുംബൈയിൽ ട്രസ്റ്റിമാരുടെ യോഗം വിളിച്ചിരുന്നു. ടാറ്റ സൺസിൻ്റെ ലിസ്റ്റിംഗ് ആണ് മറ്റൊരു പ്രധാന പ്രശ്നം. റിസർവ് ബാങ്കിൻ്റെ വ്യവസ്ഥകൾ പ്രകാരം കമ്പനി ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.
ടാറ്റയിലെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെളിപ്പെടുത്തി കേന്ദ്രവും അടുത്തിടെ വിഷയത്തിൽ ഇടപെട്ടിരുന്നു. ടാറ്റ ഇക്കാലമത്രയും പുലർത്തിയ അച്ചടക്കവും മര്യാദയും ധാർമികതയും സംരക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സ്ഥാപനത്തിൻ്റെ പ്രവർത്തനത്തിന് തടയിടുന്ന ട്രസ്റ്റികളെ പുറത്താക്കാനും കേന്ദ്രം നിർദേശിച്ചെന്നാണ് റിപ്പോർട്ടുകൾ. നാളെ ചേരുന്ന ട്രസ്റ്റിൻ്റെ ബോർഡ് യോഗത്തിൽ ഭിന്നതകളിൽ തീരുമാനമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണം, സുതാര്യത, ലിസ്റ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ബോര്‍ഡ് യോഗം നിര്‍ണായക തീരുമാനങ്ങളെടുത്തേക്കാം. ഭാവിയിൽ ഗ്രൂപ്പിൻ്റെ തന്ത്രങ്ങളും കുടുംബബന്ധങ്ങളുമെല്ലാം പരിഗണിച്ച് നോയൽ ടാറ്റയ്ക്ക് ട്രസ്റ്റിമാരെ ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.